രാജീവ് ഡി.പരിമണം
കൊല്ലം :ചടയമംഗലവും പുനലൂരും എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് തലവേദനയാകുന്നു. ചടയമംഗലം സീറ്റ് സിപിഐയുടേതാണ്.
ഇവിടെ സ്ഥാനാർഥിയുടെ കാര്യത്തിലാണ് ഇടതു മുന്നണിയിൽ പ്രശ്നമെങ്കിൽ പുനലൂരിൽ മുസ്ലിം ലീഗിന് സീറ്റ് നൽകുന്നതാണ് യുഡിഎഫിന്റെ തലവേദന.
ചടയമംഗലത്തെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടിവിൽ തീരുമാനമാകും.
ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണിയും ജില്ലാഎക്സിക്യൂട്ടീവ് അംഗം എ.മുസ്തഫയുമാണ് ഇവിടെ സീറ്റിന് പിടിമുറുക്കിയിട്ടുള്ളത്.
ചിഞ്ചുറാണിക്കുവേണ്ടി ദേശീയ നേതൃത്വം വാദിക്കുന്പോൾ മുസ്തഫയ്ക്കായി പ്രാദേശിക നേതൃത്വം രംഗത്തുണ്ട്.
ഇവിടെ പ്രതിഷേധപ്രകടനങ്ങളും നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ സീറ്റ് ആർക്ക് നൽകുമെന്നത് പാർട്ടിയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് പാർട്ടിയുടെ പ്രാദേശിക ഘടകത്തിന്റെ തീരുമാനത്തിന് പാർട്ടിനേതൃത്വം വഴങ്ങുമെന്നാണ് സൂചന.
കഴിഞ്ഞതവണ മുല്ലക്കര രത്നാകരൻ വലിയ മോശമല്ലാത്ത ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മണ്ഡലമാണ് ചടയമംഗലം. യുഡിഎഫിലും ചടയമംഗലം മണ്ഡലം പ്രശ്നം സൃഷ്ടിക്കുകയാണ്.
ആദ്യം സീറ്റ് വച്ചുനീട്ടിയപ്പോൾ അത് സ്വീകരിക്കാനെത്തിയ ലീഗിന് കോൺഗ്രസ് കാരുടെ പ്രതിഷേധത്തെതുടർന്ന് മാറേണ്ടിവന്നു.
പിന്നീട് പുനലൂർ ഉറപ്പാക്കിയെങ്കിലും അവിടെയും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു.
കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മുസ്ലീം ലീഗിന് സീറ്റ് നൽകിയാൽ പാർട്ടിയിൽനിന്ന് രാജിവയ്ക്കുമെന്നാണ് ഭീഷണി.
ഇതേത്തുടർന്ന് മുസ്ലിം ലീഗ് കഴിഞ്ഞദിവസം ഡിസിസിയിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
തങ്ങളുടെ സീറ്റായ ഇരവിപുരം നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇരവിപുരം സീറ്റ് ആർഎസ്പിക്ക് നൽകുകയും ബാബുദിവാകരൻ പ്രചാരണ പരിപാടി നടത്തിവരികയുമാണ്.
പുനലൂർ സീറ്റ് തന്നെയായിരിക്കും ലീഗിന് നൽകുന്നതെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ജില്ലാപ്രസിഡന്റ് എം.അൻസാറുദീൻതന്നെയായിരിക്കും സ്ഥാനാർഥി.