കറുത്ത് പ്രൗഢയായ ഒരു സ്ത്രീയായിരുന്നു ഡോ.ഒാമന. അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയകരമായി ഒന്നും തന്നെ വാൻ ഡ്രൈവറായ രാജുവിനു തോന്നിയില്ല.
ഊട്ടിയിൽനിന്നു കൊടൈക്കനാലിലേക്കാണ് യാത്ര എന്നതുകൊണ്ടു തന്നെ അവർ ടൂറിസ്റ്റ് ആണെന്ന് അയാൾ ഉറപ്പിച്ചിരുന്നു.
സാമാന്യം വലുതും കനമുള്ളതുമായ ഒരു സ്യൂട്ട്കേസായിരുന്നു അവരുടെ കൈവശം ഉണ്ടായിരുന്നത്. ഭാരമുള്ള സ്യൂട്ട്കേസ് വാനിൽ കയറ്റിവയ്ക്കാൻ ഡ്രൈവറും അവരെ സഹായിച്ചു.
കൊടൈക്കനാൽ ലക്ഷ്യമാക്കി വാൻ നീങ്ങി. എന്നാൽ, യാത്രയ്ക്കിടയിൽ ഡോ.ഒാമന ഒന്നും സംസാരിച്ചില്ല. സാധാരണ ഇങ്ങനെ ടൂറിസ്റ്റുകളായി എത്തുന്നവർ സ്ഥലങ്ങളെക്കുറിച്ചും നാടിനെക്കുറിച്ചും കാഴ്ചകളെക്കുറച്ചുമൊക്കെ ഡ്രൈവർമാരോടു ചോദിക്കുക പതിവാണ്.
പ്രത്യേകിച്ച് ഒറ്റയ്ക്കാണ് യാത്രയെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്നാൽ, ഒാമന സംസാരിച്ചതേയില്ല.
വഴി മാറിയപ്പോൾ
എന്തെങ്കിലും അവരോടു ചോദിക്കാൻ നമുക്കു മടി തോന്നുന്ന ഒരു തരം ഭയപ്പെടുത്തുന്ന ഒരു നിശബ്ദത അവരുടെ മുഖത്തുണ്ടായിരുന്നതായി ഡ്രൈവർ പറയുന്നു. ഇതോടെ എന്തൊക്കെയോ പന്തികേടു തോന്നിയ ഡ്രൈവർ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു.
അവരുടെ ചില പെരുമാറ്റങ്ങളിൽ ചില്ലറ സംശയങ്ങൾ തോന്നിയെങ്കിലും അതൊക്കെ തന്റെ തോന്നലായിരിക്കുമെന്ന ചിന്തയിൽ അയാൾ വണ്ടിയോടിച്ചുകൊണ്ടിരുന്നു.
ഒന്നും മിണ്ടാതെ ഇരിക്കുന്ന അവരോട് എന്തെങ്കിലും സംസാരിക്കാനും അയാൾ ശ്രമിച്ചില്ല. ഇതിനിടെ, നടന്ന ഒരു സംഭവമാണ് ഒാമനയെക്കുറിച്ചു കാര്യമായ സംശയം തോന്നാൻ ഡ്രൈവറെ പ്രേരിപ്പിച്ചത്.
കൊടൈക്കനാൽ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് അവർ ഡ്രൈവർ രാജുവിനെ വിളിച്ചു.
കൊടൈക്കനാൽ വേണ്ട, നമുക്കു കന്യാകുമാരിയിലേക്കു പോകണമെന്ന് അവർ നിർദേശിച്ചു. ഇതുകേട്ട ഡ്രൈവർ ആകെ അന്പരന്നുപോയി.
കൊടൈക്കനാലിലേക്കു ഒാട്ടം വിളിച്ചിട്ടു പോകുന്ന വഴിക്കു പെട്ടെന്നു കന്യാകുമാരിയിലേക്കു പോയാൽ മതി എന്ന് അവർ പറഞ്ഞതിൽ എന്തൊക്കെയോ ദുരൂഹത ഡ്രൈവർ മണത്തു.
ആ നോട്ടം!
വൈകിട്ട് ആറോടെ വാൻ ചെമ്പകള്ളൂർ പെട്രോൾ പമ്പിനു സമീപമെത്തി. റൂട്ടു മാറ്റി പറഞ്ഞതോടെ യാത്രയ്ക്കിടയിലെല്ലാം ഡ്രൈവർ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
തന്റെ കൈവശമുള്ള സ്യൂട്ട് കേസിലേക്ക് അവർ ഇടയ്ക്കിടെ നോക്കുന്നതു ഇതിനിടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു.
ചുറ്റുമുള്ള കാഴ്ചകളോ യാത്രയോ ഒന്നിലുമല്ല ആ സ്യൂട്ട് കേസിലാണ് അവരുടെ പ്രധാന ശ്രദ്ധയെന്നു രാജുവിനു മനസിലായി. (തുടരും)
തയാറാക്കിയത്: എൻ.എം