തൃശൂർ: നഷ്ടപ്രണയത്തിന്റെ നോവുമായി പ്രണയസങ്കീർത്തനങ്ങൾ സംഗീത ആൽബം. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ഈ ദൃശ്യകാവ്യം മഞ്ജുവാര്യരുടെയും മധുബാലകൃഷ്ണന്റെയും എഫ്ബി പേജുകളിലൂടെയാണു റിലീസായത്.
ക്രൈസ്റ്റ് കോളജ് പഠനകാലത്ത് ബാബു വർഗീസ് എന്ന വിദ്യാർഥി 1997 ൽ കോളജ് മാഗസിനിൽ എഴുതിയ വിരഹാർദ്രമായ വരികളാണു 24 വർഷങ്ങൾക്കുശേഷം ആൽബമായി പുറത്തിറങ്ങിയത്.
നെതർലാൻഡ്സിൽ സീനിയർ ശാസ്ത്രജ്ഞനാണ് ഡോ. ബാബു വർഗീസ്. അദ്ദേഹം തന്നെയാണ് ആൽബം സംവിധാനം ചെയ്തത്. സ്കൂൾ അന്തരീക്ഷത്തിന്റെ മനോഹരമായ ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ആൽബം ഒരുക്കിയിരിക്കുന്നത്.
നകുൽ നാരായണൻ, ലുലു മാത്യു എന്നിവരാണു ഗാനം ആലപിച്ചത്. ലിയോ ആൻറണി സംഗീത സംവിധാനം നിർവഹിച്ചു. ബെയ്ലി ജോസ് ആണ് ക്യാമറ ചലിപ്പിച്ചത്.
നകുൽ നാരായണൻ, രേഷ്മ നകുൽ, സോന സോജൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. ക്രിസ്റ്റഫർ ജോസ് എഡിറ്റിംഗ് നിർവഹിച്ചു. റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിറ്റ് ചാർട്ടിലിടം പിടിച്ച ആൽബം കണ്ടത് പതിനേഴായിരത്തിലധികം പേരാണ്.