റാന്നി: ഇരുമുന്നണികളിലും എന്‍ഡിഎയിലും സ്ഥാനാര്‍ഥി നിര്‍ണയത്തോടെ റാന്നിയില്‍ പോരാട്ടം കനക്കും. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനു നല്കിയ സീറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ് നാരായണന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു.
റിങ്കു ചെറിയാൻ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കെ മുന്‍ എംഎല്‍എ എം.സി. ചെറിയാന്റെ മകനും കെപിസിസി സെക്രട്ടറിയുമായ റിങ്കു ചെറിയാന്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് അന്തിമപട്ടികയില്‍ പരിഗണിച്ചത്. റിങ്കുവിന്റെ സ്ഥാനാര്‍ഥിത്വം സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചതായും പറയുന്നു.
എന്‍ഡിഎയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.ഇതിനിടെയാണ് മുന്‍ കോണ്‍ഗ്രസ് നേതാവും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ബെന്നി പുത്തന്‍പറമ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ്, ചില സ്വതന്ത്ര കര്‍ഷക സംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് സ്ഥാനാര്‍ഥിത്വമെന്ന് ബെന്നി വ്യക്്തമാക്കി. കഴിഞ്ഞ ജില്ലാ പഞ്ചായത്ത്് തെരഞ്ഞെടുപ്പിലും റാന്നിയില്‍ ബെന്നി പുത്തന്‍പറമ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു. സേവാദള്‍ ജില്ലാ ചെയര്‍മാനായിരുന്ന ബെന്നി അന്നാണ് കോണ്‍ഗ്രസില്‍ നിന്നു പുറത്തായത്.
പ്രമോദ് നാരായണൻ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന് ജില്ലയിലെ കേരള കോണ്‍ഗ്രസ് എം നേതാക്കളെ നേരില്‍കണ്ട് സംസാരിച്ചു. രാജു ഏബ്രഹാം എംഎല്‍എ അടക്കം എല്‍ഡിഎഫ് നേതാക്കളെയും മണ്ഡലത്തിലെ മത സാംസ്കാരിക നേതാക്കളടക്കമുള്ള പ്രമുഖരെയും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു.
ഇതിനിടെ പ്രമോദ് നാരായണന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കേരള കോണ്‍ഗ്രസിലെ പ്രാദേശികഘടകങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നലെ ചില മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. തടിയൂരില്‍ ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.