മൃഗങ്ങളിൽ നിന്നു മനുഷരിലേക്കു പകരുന്ന ഏറ്റവും ഭീതിജന്യമായ രോഗമാണ് പേവിഷബാധ. ഇത് ഒരു വൈറസ് രോഗമാണ്. വളർത്തുമൃഗങ്ങളിൽ നിന്നാണ് സാധാരണ രോഗപകർച്ച ഉണ്ടാകുന്നത്.വന്യമൃഗങ്ങളായ ചെന്നായ, കുറുക്കൻ, കുരങ്ങൻ, പന്നി, വവ്വാലുകൾ എന്നിവയിൽ നിന്നുമാണ് വളർത്തു മൃഗങ്ങൾക്ക് രോഗ പകർച്ച ഉണ്ടാകുന്നത്.
രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകൾമൃഗങ്ങളുടെ നക്കൽ കൊണ്ടോ മാന്ത്, കടി എന്നിവമൂലമുണ്ടായ മുറിവിൽ കൂടിയോ ശരീരപേശികൾ ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തിൽ കൂടി സഞ്ചരിച്ച് സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള(incubation period) രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ ആകാം. തലവേദന, തൊണ്ടവേദന മൂന്നുനാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ.
വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു. തലച്ചോറിനെ ബാധിക്കുന്നതോടുകൂടി അപസ്മാരം, പക്ഷാഘാതം, മസ്തിഷ്ക മരണം ഇവ സംഭവിക്കാം.
രോഗലക്ഷണങ്ങൾ പ്രകടമായാൽ മരണം സുനിശ്ചിതമാണ്. എന്നാൽ കടിയേറ്റ ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക വഴി പേവിഷബാധയും മരണവും ഒഴിവാക്കാം.
മുറിവിന്റെ സ്വഭാവവും ചികിത്സയും
മൃഗങ്ങളുടെ ഉമിനീരുമായി സമ്പർക്കം ഉണ്ടായാൽ ഉടൻ തന്നെ ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് 10-15 മിനിട്ടെങ്കിലും കഴുകുക. ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രികളിലെത്തി ചികിത്സ തേടുക.
മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. പ്രതിരോധ മരുന്നുകളും ചികിത്സയും നൽകാനായി മുറിവുകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
കാറ്റഗറി 1 (No exposure)
മൃഗങ്ങളെ തൊടുക , ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക.ഇങ്ങനെ ഉണ്ടായാൽ ടാപ്പ് വെള്ളത്തിൽ 10-15 മിനിട്ട് സോപ്പുപയോഗിച്ച് നന്നായി കഴുകുക. പ്രതിരോധ മരുന്ന് വേണ്ട.
കാറ്റഗറി 2 (Minor Exposure)
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ ഇവയാണെങ്കിൽ ടാപ്പ് വെളളത്തിൽ 10-15 മിനിട്ട് സോപ്പുപയോഗിച്ച് കഴുകുക. പ്രതിരോധ കുത്തിവയ്പ്പ് വേണം
കാറ്റഗറി 3 (Severe exposure)
മുറിവുള്ള തൊലിപ്പുറത്ത് നക്കുക, രക്തം പൊടിയുന്ന മുറിവുകൾ, പോറലുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുകഇതിന് മുറിവ് സോപ്പിട്ട് 10-15 മിനിട്ട് ടാപ്പ് വെള്ളത്തിൽ കഴുകുക.
മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തിൽ Anti Rabies Immunoglobulin കടിയേറ്റ ചർമ്മത്തിൽ തന്നെ നൽകേണ്ടതാണ്.രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്.
മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം മാംസപേശിയിൽ ആഴത്തിൽ ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകേണ്ടതാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരമാണ് ഡോസ് നിശ്ചയിക്കുന്നത്. ഒപ്പം പ്രതിരോധ കുത്തിവയ്പ്പും ഉടൻ എടുക്കുക.
നോം
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.