അയർക്കുന്നം: അയർക്കുന്നത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ അറസ്റ്റിലായ യുവാവിനെതിരെ നിരവധി കേസുകൾ.
ആഢംബര ജീവിതത്തിനു പണം കണ്ടെത്തുന്നതിനാണു ഇയാൾ കവർച്ചകൾ നടത്തിയിരുന്നത്. കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടു മഠം ശ്രീരാജ് നന്പൂതിരിയെ(27)യാണു അറസ്റ്റുചെയ്തത്.
അന്വേഷണത്തിന് പ്രത്യേക സംഘം
ഫെബ്രുവരി 10നു അയർക്കുന്നത്തെ വൃദ്ധദന്പതികളുടെ വീട്ടിൽ വെള്ളം ചോദിച്ച് എത്തിയശേഷമാണ് ഇയാൾ മോഷണം നടത്തിയത്.
വീട്ടിൽ മറ്റാരുമില്ലെന്നു മനസിലായതോടെ കൈയ്യിലിരുന്ന കളിത്തോക്ക് ചൂണ്ടി വീട്ടമ്മയുടെ വായിൽ തുണി തിരുകി കൈയ്യും കാലും ബന്ധിച്ച് കഴുത്തിൽ കിടന്നിരുന്ന ആറു പവന്റെ മാല ഉൗരി എടുക്കുകയും മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 19 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
ഗ്രാമ പ്രദേശത്തെ ഒറ്റപ്പെട്ട വീടായിരുന്നതിനാൽ സിസിടിവിയും ഉണ്ടായിരുന്നില്ല. കൂടാതെ ഇയാൾ മാസ്കും ധരിച്ചിരുന്നു.
ോലീസ് പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. അയർക്കുന്നം എസ്എച്ച്ഒ ജസ്റ്റിൻ ജോണ്‍, സ്പെഷൽ ബ്രാഞ്ച് എസ്ഐമാരായ ടി. ശ്രീജിത്ത്, ടി.എസ്. റെനീഷ്, എസ്ഐ കെ.എച്ച്. നാസർ, ഷിബുക്കുട്ടൻ, എഎസ്ഐ കെ.ആർ. അരുണ്‍ കുമാർ, സിപിഒമാരായ ശ്യാം എസ്. നായർ, കെ.ആർ. ബൈജു, ഗ്രിഗോറിയോസ്, ശ്രാവണ്‍ രമേഷ് (സൈബർ സെൽ), ടി.ജെ. സജീവ്, തോമസ് സ്റ്റാൻലി, കിരണ്‍, ചിത്രാംബിക എന്നിവരാണ് പ്രതിയെ പിടികൂടിയത്.
സിസിടിവിയിൽ തുടക്കം
മോഷണം നടന്ന വീടിന്റെ രണ്ടു കിലോമീറ്റർ അകലെയുള്ള സിസിടിവി ദൃശ്യത്തിൽനിന്നുമാണു പോലീസ് അന്വേണം ആരംഭിച്ചത്.
സംശയം തോന്നിയ 400ൽപ്പരം പേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് കോട്ടയത്തുനിന്ന് ബസിലാണ് അയർക്കുന്നത്ത് എത്തിയതെന്നു പോലീസിനു മനസിലായി.
കോട്ടയം നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിവിധ ലോഡ്ജുകളിൽ താമസിച്ചിരുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും സംശയിക്കുന്നവരുടെ മൊബൈൽ നന്പരുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയും ചെയ്തു.
കളിത്തോക്ക്, മാസ്ക് കയ്യുറ
കുറച്ചുനാളുകൾക്കു മുൻപ് അമയന്നൂർ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു ഇയാൾ അവിടെവച്ചു പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ പ്രദേശത്തെക്കുറിച്ചു വ്യക്തമായതിനാലാണ് മോഷണത്തിനു ഈ വീട് തെരഞ്ഞെടുത്തത്. ഇതിനായി ഓണ്‍ലൈനിലൂടെ കളിത്തോക്ക് വാങ്ങി.
മുഖം മറയ്ക്കുന്ന രീതിയിലുള്ള മാസ്കും, കൈയ്യുറയും ധരിച്ച് കോട്ടയത്തുനിന്നും പുറപ്പെട്ടപ്പോൾ തന്നെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കൃത്യത്തിനുശേഷം ധരിച്ചിരുന്ന ഷർട്ടും കൈയ്യുറയും ദന്പതികളുടെ വീട്ടിൽ നിന്നെടുത്ത മൊബൈൽ ഫോണും വഴിയിൽ ഉപേക്ഷിച്ചു.
സ്കോർപിയോയിൽ കറക്കം
മോഷ്ടിച്ച സ്വർണ്ണം ഇയാൾ വിവിധ കടകളിലായി വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് സ്കോർപിയോ കാറും ഒരു മൊബൈൽ ഫോണും വാങ്ങി.
തുടർന്ന് പഴനി, ചിദംബരം തക്കല തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി നടന്നു. ട്രെയിൻ യാത്രക്കാരന്റെ പണവും കാമറയും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചതിനു കൊല്ലം റെയിൽവേ പോലീസിലും അടുത്ത വീട്ടിൽനിന്നും പണം മോഷ്ടിച്ചതിനു കുമളി പോലീസിലും ഇയാൾക്കെതിരെ കേസുണ്ട്.