1983ലെ ഒരു പകൽ ബ്രിട്ടൻ ഉണർന്നതു നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ കൊള്ളയുടെ വാർത്ത കേട്ടുകൊണ്ടാണ്.
ഹീത്ത്രോയിലെ വേർഹൗസിൽനിന്നു സ്വർണവും രത്നങ്ങളും പണവും മോഷണം പോയി. കേണൽ എന്നു വിളിപ്പേരുള്ള ബ്രയാൻ റോബിൻസൺ ആയിരുന്നു കൊള്ളയുടെ സൂത്രധാരൻ.
ബ്രിട്ടൻ കണ്ട ഏറ്റവും തന്ത്രശാലിയായ മോഷ്ടാവാണ് റോബിൻസൺ എന്ന് അയാളുടെ കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ മനസിലാകും.
ആരു കേട്ടാലും മിഴിച്ചുപോകുന്നത്ര പണവും സ്വർണവുമൊക്കെയാണു റോബിൻസൺ കവർന്നിട്ടുള്ളത്. എന്നാൽ, ബഹുഭൂരിപക്ഷം കേസുകളിലും തെളിവുകളില്ലെന്ന കാരണത്താൽ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടു.
ഹീത്ത്രോയിലെ മോഷണത്തിൽ കവർന്ന സ്വർണവും രത്നങ്ങളും ഇന്നത്തെ വില പ്രകാരം കണക്കാക്കിയാൽ ഏകദേശം നൂറു മില്ല്യൺ പൗണ്ടോളം വരും.
റോബിൻസൺ ഒളിപ്പിച്ച സ്വർണം കൈക്കലാക്കാനായി ബ്രിട്ടനിലെ വന്പൻ അധോലോക നായകന്മാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മാത്രമല്ല പല ഗ്യാംഗുകളിലെ എട്ടു പേർ ശ്രമങ്ങൾക്കിടയിൽ കൊല്ലപ്പെടുകയും ചെയ്തു.
കുടുക്കിയ മൊഴി
ഏതു കള്ളവും ഒരുനാൾ പിടിക്കപ്പെടും എന്നു പറയുന്നതുപോലെ ഈ കള്ളനും ഒടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങി.
വെയർഹൗസിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അടുത്ത ബന്ധു ടോണി ബ്ലാക്കിന്റെ സഹായത്തോടെയാണു റോബിൻസൺ കവർച്ച നടത്തിയത്. എന്നാൽ, പിടിക്കപ്പെടുമെന്നായപ്പോൾ ടോണി കുറ്റം ഏറ്റുപറഞ്ഞു മാപ്പുസാക്ഷിയായി.
അങ്ങനെ റോബൻസണിനെയും സഹായി മിക്കി മക്കോവിയെയും 25 വർഷത്തെ കഠിന തടവിനു കോടതി ശിക്ഷിച്ചു.
ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ റോബിൻസനെ കാത്തു നിൽക്കാൻ ആരും ഉണ്ടായിരുന്നില്ല. പിന്നീടൊരു അഭയകേന്ദ്രത്തിൽ അഭയം.
ഒന്നുമില്ലാതെ മടക്കം
കഴിഞ്ഞ ഫെബ്രുവരി 28ന് പിറന്നാൾ ദിവസം, സൗത്ത് ഈസ്റ്റ് ലണ്ടനിലെ അഭയകേന്ദ്രത്തിൽ റോബിൻസൺ ജീവിതത്തോടു വിട പറയുന്പോൾ ഒരു രൂപ പോലും അയാൾക്കു സ്വന്തമായി ഉണ്ടായിരുന്നില്ല.
വിശ്വസ്തർ എന്നു റോബിൻസൺ കരുതിയിരുന്നവർ തന്നെയാണ് അയാൾ മോഷണത്തിലൂടെ സ്വരൂപിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം കൈക്കലാക്കിയതെന്നു പറയപ്പെടുന്നു.
റോബിൻസൺ മോഷ്ടിച്ചതിൽ വലിയൊരു പങ്ക് സ്വർണം എവിടെയാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
മോഷണ മുതൽ എവിടെയാണെന്നോ ഇത്ര വിദഗ്ധമായി എങ്ങനെയാണ് മോഷണങ്ങൾ ആസൂത്രണം ചെയ്തതെന്നോ ആരോടും പറയാതെ റോബിൻസൺ യാത്രയായി.
ദൃശ്യം സിനിമയിൽ മൃതദേഹം ജോർജ്കുട്ടി എവിടെയാണ് മറവു ചെയ്തതെന്ന ചോദ്യം സർപ്രൈസ് ആയി തുടരുന്നതു പോലെയാണ് റോബിൻസൺ നടത്തിയ കൊടും കൊള്ളകളും.