ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കടന്നുപോകുന്ന ഒന്നാണ് സമയം. നല്ലസമയമെന്നും മോശം സമയമെന്നുമൊക്കെ സമയത്തെ പറയാറുണ്ട്.
സമയം വച്ചാണ് നമ്മൾ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. വാച്ചും ക്ലോക്കുമാണ് സാധാരണ സമയം നോക്കാനുള്ള ഉപകരണങ്ങൾ. അതുകൊണ്ടുതന്നെ അത്തരം കടകൾക്ക് ഇന്നും പ്രധാന്യമുണ്ട്.
ഡിജിറ്റൽ വാച്ചുകളും സ്മാർട്ട് വച്ചുകളുമാണ് ഇന്നത്തെ ട്രെൻഡ്. എന്നാൽ ഇപ്പോഴും പഴയ വാച്ചുകളും ക്ലോക്കുകളും മാത്രം നന്നാക്കുന്ന ഒരു കടയെപ്പറ്റി ചിന്തിക്കാമോ?
എന്നാൽ 120 വർഷമായി വാച്ചുകളും ക്ലോക്കുകളും ടൈംപീസുമെല്ലാം നന്നാക്കുന്ന ഒരു കടയുണ്ട്.
ഈജിപ്തിലെ ഫ്രാൻസിസ് പപ്പാസിയ എന്ന അർമേനിയൻ ഈജിപ്ഷ്യൻ വാച്ച് കടയാണ് 120 വർഷമായി പഴയ കാലത്തെ വാച്ചുകളും ക്ലോക്കുകളും നന്നാക്കുന്നത്.
കുടുംബപരമായ ബിസിനസാണ് ഫ്രാൻസിസ് പപ്പാസിയ എന്ന കട. കുടുംബത്തിലെ മൂന്നാമത്തെ തലമുറയിൽപ്പെട്ട അന്പത്തിയെട്ടുകാരനായ അശോദ് പാപ്പാസിയനാണ് ഇപ്പോൾ കടയുടെ നടത്തിപ്പ്.
മുത്തശ്ശനായ ഫ്രാൻസിസാണ് കട തുടങ്ങിയത്. അച്ഛൻ സർക്കിസിൽ നിന്നാണ് അശോദ് കട ഏറ്റെടുക്കുന്നത്.
ഈജിപ്തിലെ രാജക്കന്മാരുടെയും പഴകകാല സിനിമ താരങ്ങളുടെയും വലിയ ഉദ്യോഗസ്ഥരുടെയും പ്രിയപ്പെട്ട കടയായിരുന്നു ഫ്രാൻസിസ് പപ്പാസിയ.
ഉപയോക്താക്കളെല്ലാമായി ഇപ്പോഴും അടുത്തബന്ധമാണെന്നാണ് അശോദ് പറയുന്നത്.
കട തന്റെ മക്കൾക്ക് പിന്തുടർച്ച അവകാശമായി നൽകാൻ ഇപ്പോൾ ഉദ്ദേശമില്ലെന്നാണ് അശോദ് പറയുന്നത്. ഇപ്പോൾ അവർക്ക് ഇരുപത് വയസ് മാത്രമാണുള്ളത്.
പഴയ വാച്ചുകളുടെയും ക്ലോക്കുകളുടെയും ടൈംപീസുകളുടെയും ഒരു ശേഖരം തന്നെ ഫ്രാൻസിസ് പപ്പാസിയായിൽ ഒരുക്കിയിട്ടുണ്ട്.