ഭാര്യാ- ഭർത്താക്കന്മാരായാൽ ചെറിയ ചെറിയ വഴക്കുകളും പിണക്കങ്ങളുമെല്ലാം പതിവാണ്.
എന്നാൽ വഴക്ക് പരിധിവിട്ടാലോ? സംഗതി പ്രശ്നമാകും. പലപ്പോഴും ചെറിയ ചെറിയ വഴക്കുകളാണ് വലിയ തീരുമാനങ്ങളിലേക്ക് ദന്പതികളെ എത്തിക്കുന്നത്.
പരസ്പരം തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം വിവാഹമോചനത്തിലേക്കും മറ്റും എത്തിക്കുകയും ചെയ്യും.
എന്നാൽ ഉക്രെയ്ൻ സ്വദേശികളായ അലക്സാണ്ടര്‍ കുഡ്ലേയും ഭാര്യ വിക്ടോറിയ പുസ്റ്റോവിറ്റോവയും ഇക്കാര്യത്തിൽ അൽപം വ്യത്യസ്തരാണ്.
സാധാരണപോലെ ഇരുവരും മിക്കപ്പോഴും പൊരിഞ്ഞ തല്ലാണ്. ഒരു ദിവസം വിക്ടോറിയ കടുത്ത തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു- തമ്മിൽ വേർപിരിയുക.
സംഗതി ഇങ്ങനെപോയാൽ ശരിയാവില്ലെന്ന് തോന്നിയ അലക്സാണ്ടറാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തത്. ഇരുവരും കൈകൾ ചങ്ങലകൊണ്ട് പരസ്പരം ബന്ധിപ്പിക്കുക!
മൂന്ന് മാസത്തേയ്ക്കാണ് ഈ പരീക്ഷണം. ഊണും ഉറക്കവും ജോലികളുമെല്ലാം ചങ്ങല അഴിക്കാതെയാണ്.
വിചിത്രമായ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങളും അനുഭവവും ഇവർ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇരുപത്തിയെട്ടുകാരിയായ വിക്ടോറിയ ആദ്യമൊന്നും ഇതിന് സമ്മതിച്ചിരുന്നില്ലത്രേ. പതിയെ മനസു മാറ്റി.
ഒരു മാസം കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ തങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടന്ന് ഇരുവരും പറയുന്നു.
പക്ഷെ ഇവരുടെ അടിപിടിയൊന്നും അവസാനിച്ചിട്ടില്ല. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇപ്പോഴും അടികൂടും പക്ഷേ, ഇപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് ഒരു അവസാനമുണ്ട്.
ഒരു മാസമായി ഷോപ്പിങ് പോലും ഇരുവരും ഒന്നിച്ചാണ്. ഇവര്‍ ബാത്ത്റൂമില്‍ എങ്ങനെയാണെന്നാണ് ചില രസികരുടെ സംശയം.
ഒരാൾ ബാത്ത്റൂമിൽ പോകുന്പോൾ മറ്റേയാൾ പുറത്ത് കാത്തുനിൽക്കും. ഒരാൾ കുളിച്ചതിനുശേഷമേ അടുത്തായാൾ കുളിക്കൂ.