സന്തോഷ് പ്രിയൻ
കൊല്ലം: ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ മാറ്റി പി.സി. വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നീക്കത്തിനെതിരേ കൊല്ലത്ത് ശക്തമായ പ്രതിഷേധം.
ഇതേതുടര്‍ന്ന് ഒന്‍പത് പാർട്ടി മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു. ബിന്ദുകൃഷ്ണയെ കുണ്ടറ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് പാർട്ടി കണക്കുകൂട്ടിയിരുന്നത്.
എന്നാൽ തന്റെ പ്രവർത്തനമണ്ഡലമായി കണ്ടിരുന്നത് കൊല്ലമാണെന്നും കുണ്ടറയിൽ മുൻകരുതൽ ഇല്ലാത്തതിനാൽ യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും വികാരനിര്‍ഭരയായി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലമല്ലാതെ ഒരു സീറ്റും തനിക്ക് വേണ്ടെന്നുമാണ് ബിന്ദു കൃഷ്ണയുടെ നിലപാട്.
ബിന്ദു കൃഷ്ണ കൊല്ലത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിരവധി മത്സ്യത്തൊഴിലാളികൾക്കൊപ്പം പാർട്ടി പ്രവർത്തകരും ഡിസിസി ഓഫീസിൽ തടിച്ചുകൂടി. ഇത് ഓഫീസിൽ വൈകാരിക രംഗങ്ങൾ സൃഷ്ടിക്കാനിടയായി.
പി.സി. വിഷ്ണുനാഥിനു കൊല്ലത്തു ജയസാധ്യതയില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെയും അണികളുടേയും വാദം.
എതിർസ്ഥാനാർഥിയായ സിപിഎമ്മിലെ എം. മുകേഷിന് ശക്തനായ എതിരാളിയാണ് കൊല്ലത്ത് വേണ്ടത്.
അങ്ങനെ നോക്കുന്പോൾ കൊല്ലത്ത് പൊതുകാര്യങ്ങളിലെല്ലാം ഇടപെട്ട് സജീവപ്രവർത്തനം കാഴ്ചവച്ചത് ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ബിന്ദു കൃഷ്ണയായാണെന്നും അനുകൂലികള്‍ വാദിക്കുന്നു.
ദിവസങ്ങൾക്കു മുന്‍പ് വിഷ്ണുനാഥിനെതിരേ കൊല്ലത്ത് പോസ്റ്റർ പ്രചാരണം വ്യാപകമായി ഉണ്ടായിരുന്നു.
വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയപ്പോൾ മുതൽ ഇവിടെ പ്രതിഷേധം ശക്തമായിരുന്നു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ്, ആർഎസ്പി ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവയുടെ പരിസരത്താണ് പോസ്റ്ററുകൾ പതിച്ചത്.
വിഷ്ണുനാഥിനെതിരേ കൊല്ലത്ത് ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവിടുത്തെ സ്ഥാനാർഥിനിർണയം കോൺഗ്രസിനെ സംബന്ധിച്ച് കീറാമുട്ടിയാകും.
അതേസമയം കൊല്ലം സംഭവത്തിൽ ഹൈക്കമാൻഡ് വിശദീകരണം തേടിയിട്ടുണ്ട്. അനുനയശ്രമങ്ങള്‍ നടന്നുവരുന്നതായാണ് വിവരം.
മഹിളാ കോൺഗ്രസ് അധ്യക്ഷ, വനിതാ ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ ശോഭിച്ച ബിന്ദു കൃഷ്ണയെ സ്ഥാനാർഥിയാക്കുന്നതിനോട് രാഹുൽ ഗാന്ധിക്കും പ്രത്യേക താല്പര്യമാണെന്ന് കോൺഗ്രസ് വക്താക്കൾ പറയുന്നു.