കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ സിബിഐ അന്വേഷണം ഉടൻ ഫലംകാണുമെന്നാണു പ്രതീക്ഷയെന്ന് ജെസ്നയുടെ പിതാവ് മുക്കൂട്ടുതറ സന്തോഷ്കവല കുന്നത്ത് ജയിംസ് പറഞ്ഞു.
ജെസ്ന എവിടെയെന്നും മകൾക്ക് എന്താണ് സംഭവിച്ചതെന്നും അറിയേണ്ട ആവശ്യമുണ്ട്.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും രണ്ടു വർഷം അന്വേഷണം നടത്തിയിട്ടും ഫലം കാണാതെവന്ന കേസ് സിബിഐ തെളിയിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
അന്വേഷണം തുടങ്ങിയതായും തുടർഘട്ടങ്ങളിൽ സാധ്യമായ വിവരങ്ങൾ നൽകണമെന്നും താത്പര്യപ്പെട്ട് കഴിഞ്ഞദിവസം സിബിഐ തിരുവനന്തപുരം ഓഫീസിൽനിന്നു തന്നെ വിളിച്ചിരുന്നതായി ജയിംസ് പറഞ്ഞു. 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്.
ജെസ്നയെ ആരെങ്കിലും അപായപ്പെടുത്തിയോ അതോ തട്ടിക്കൊണ്ടുപോയോ അതോ സ്വന്തം തീരുമാനത്തിൽ നാടുവിട്ടുപോയോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
ജെസ്ന തിരോധന കേസുമായി ബന്ധപ്പെട്ട് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആർ കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചു.
പ്രതിയുടെ പേരിന്റെ സ്ഥാനത്ത് അജ്ഞാതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജസ്നയുടെ തിരോധാനത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നു കരുതുന്നതായി ഹൈക്കോടതിയിൽ വാദിച്ച സിബിഐ എന്നാൽ എഫ്ഐആറിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടില്ല.