പൂച്ചാക്കൽ∙ അരൂക്കുറ്റിയിൽ വടുതലയിൽ സ്വകാര്യ വ്യക്തി ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന പറമ്പിൽ നിന്നു ചാക്കിൽ വടിവാളുകൾ കണ്ടെടുത്തു.
അരൂക്കുറ്റി വടുതല 1008 ജംഗ്ഷഷനു സമീപത്തു സ്വകാര്യവ്യക്തിയുടെ ആക്രിസാധനങ്ങൾ സൂക്ഷിക്കുന്ന പറമ്പിൽ നിന്നാണ് ഇന്നലെ ആക്രി കടയുടമ വിളിച്ചുപറഞ്ഞതനുസരിച്ച് കുത്തിയതോട് സി.ഐ. എ.വി.ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വടിവാളുകൾ കണ്ടെടുത്തത്.
ആക്രിക്കടയുടെ ഒരുഭാഗത്തായി ചാക്കിൽ പൊതിഞ്ഞ നിലയിൽ 15 വടിവാളുകൾ കണ്ടെത്തിയത്.വയലാർ ആർഎസ്എസ് പ്രവർത്തകൻ നന്ദു വധവുമായി ബന്ധമുള്ള ആയുധങ്ങളാണോയെന്ന് സംശയത്തെത്തുടർന്ന് നന്ദുവധം അന്വാേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വടിവാൾ കൈമാറി.
നന്ദുവധത്തിൽ വടുതല ഭാഗത്തുള്ള പ്രതികൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനാൽ വടിവാളുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനും ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.