ലൈംഗികത പലപ്പോഴും മനുഷ്യന്റെ വിവേകത്തെ നശിപ്പിക്കുന്നു. ഒരു നിമിഷത്തെ സുഖത്തിനായി ആളുകള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം പലപ്പോഴും ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടാറുണ്ട്.
ഇത്തരത്തിലുള്ള ലൈംഗിക വേട്ടക്കാരെ ശിക്ഷിക്കുമ്പോള്‍ ഇവരുടെ കുടുംബമാവും മിക്കവാറും ദുരിതത്തിലാവുക. എന്നാല്‍ ഇത്തരക്കാര്‍ക്ക് ശിക്ഷ ഉറപ്പിക്കുമ്പോഴും ഇവരുടെ നിരപരാധികളായ കുടുംബാംഗങ്ങള്‍ക്കുള്ള കരുതല്‍ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുകയാണ്
ബ്രിട്ടനിലെ ആന്‍ഡ്രമിലെ മജിസ്ട്രേറ്റ് കോടതി.
കൗമാരക്കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് നാലുമാസത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ബ്രിട്ടനിലെ മലയാളി ഹെല്‍ത്ത്കെയര്‍ വര്‍ക്കറുടെ കേസിലാണ് കോടതിയുടെ കരുണാമയമായ ഇടപെടല്‍.
കോടതിയിലെത്തിയ പ്രതിയുടെ ഭാര്യ തങ്ങളുടെ നിരാശ്രയത്വം കോടതിയെ ബോധ്യപ്പെടുത്തി പൊട്ടിക്കരയുകയായിരുന്നു.
കുറ്റം ചെയ്ത പ്രതിക്ക് ദയാദാക്ഷിണ്യം നല്‍കാനാകില്ലെന്നും പക്ഷെ ഇയാളെ ഇപ്പോള്‍ ജയിലില്‍ അയച്ചാല്‍ അത് ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാവിയെ ബാധിക്കും എന്ന് കോടതി മനസ്സിലാക്കുന്നുവെന്നും അതിനാല്‍ മൂന്നു വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നില്ലെന്നും ആന്‍ഡ്രം മജിസ്ട്രേറ്റ് കോടതി ഡെപ്യുട്ടി ഡിസ്ട്രിക്ട് ജഡ്ജ് ആന്‍ മാര്‍ഷല്‍ പറഞ്ഞു.
പ്രതിയെ ആശ്രയിച്ചു കഴിയുന്ന ഭാര്യയുടെയും കുട്ടികളുടെയും നിസ്സഹായ അവസ്ഥ കോടതിയ്ക്ക് മനസ്സിലാവുന്നുണ്ടെന്നും അതുകൊണ്ട് മാത്രമാണ് പ്രതിയെ ഉടനെ ജയിലിലേക്ക് അയക്കണ്ടെന്ന അസാധാരണമായ നടപടികൈക്കൊള്ളുന്നതെന്നും ജഡ്ജി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവായ ജേക്കബ് ജോസഫിന്റെ നാല്പതാം പിറന്നാളിന്റെ തലേദിവസമായിരുന്നു ഇത് നടന്നത്.
ആന്‍ഡ്രം മില്‍ഹൗസ് ലെയിനിലുള്ള ഇയാള്‍, ഒരു രോഗിയുടെ മുറിയിലേക്ക് കയറിപ്പോയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പുറകേ ചെന്ന ജേക്കബ് മുറി അകത്തുനിന്നും അടച്ചുപൂട്ടുകയായിരുന്നു.
പിന്നീട് ഈ കൗമരക്കാരിയെ ബലമായി ആലിംഗനം ചെയ്ത് അവരുടെ മാറിടത്തില്‍ സ്പര്‍ശിച്ചു. പിന്നീട് വസ്ത്രങ്ങള്‍ അഴിക്കാതെ അയാളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗം ആ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ ചേര്‍ത്ത് അമര്‍ത്തി ഉരച്ചു എന്നായിരുന്നു ആ വിദ്യാര്‍ത്ഥിനി നല്കിയ പരാതി.
എന്നാല്‍, മുറിക്കുള്ളില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ താന്‍ ആലിംഗനം ചെയ്യുക മാത്രമേ ചെയ്തുള്ളു എന്നായിരുന്നു ജേക്കബ് ജോസഫിന്റെ വാദം.
കോടതിയില്‍ ഇന്നലെയും ജേക്കബ് ജോസഫിന്റെ നിരപരാധിത്വം ഊന്നി പറഞ്ഞ പ്രതിഭാഗം അഭിഭാഷകന്, പ്രതിയുടെ തൊഴില്‍ മേഖല പരിഗണിക്കുമ്പോള്‍ ഇത്രയും വലിയൊരു ശിക്ഷ അയാളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് കോടതിയെ ബോധിപ്പിച്ചു.
തികച്ചും അസാധാരണമായ ഒരു സംഭവം തന്നെയാണ് നടന്നതെന്ന് പറഞ്ഞ പ്രതിഭാഗം അഭിഭാഷകന്, പ്രതിക്ക് തടവ് ശിക്ഷ ഒഴിവാക്കി പ്രൊബേഷന്‍ പോലുള്ള ശിക്ഷകള്‍ നല്കിയാല് മതിയെന്നും അപേക്ഷിച്ചു.
എന്നാല്‍, കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പ്രതി നടത്തുന്ന തുടര്‍ച്ചയായ നിഷേധിക്കലുകള്‍ അയാളുടേ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നുവെന്നും അതുകൊണ്ട് തന്നെ തടവില്‍ കുറഞ്ഞ ശിക്ഷ വിധിക്കാനാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
എന്നാല്‍ ഭാര്യയുടെ കണ്ണീരില്‍ മനസ്സലിഞ്ഞ കോടതി ശിക്ഷ മൂന്നു വര്‍ഷത്തേക്ക് മരവിപ്പിക്കുന്നതായി ഉത്തരവിടുകയായിരുന്നു.