സ്വന്തം ലേഖകൻ
ധർമടം: ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും.
കഴിഞ്ഞ എട്ടിന് കണ്ണൂർ വിമാനത്താവളം മുതൽ പിണറായി വരെ 18 കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തിയാണ് പിണറായി മണ്ഡലത്തിലെത്തിയത്.
ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ ധർമടത്ത് പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.
മുമ്പൊന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുമുമ്പ് സ്ഥാനാർഥികൾ പരസ്യപ്രചാരണത്തിനിറങ്ങുന്നത് സിപിഎമ്മിൽ പതിവില്ല.
എന്നാൽ പാർട്ടിയുടെ പ്രഖ്യാപനത്തിനു കാത്തുനിൽക്കാതെയാണ് പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണമാരംഭിച്ചത്. തുടർച്ചയായി ഒമ്പത് ദിവസമാണ് അദ്ദേഹം മണ്ഡലത്തിൽ ചെലവഴിച്ചത്.
ജന്മനാടായ പിണറായിയിൽ നൽകിയ സ്വീകരണത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഇത്തവണ ആദ്യമായി പ്രസംഗിച്ചത്. കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനമുന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ ഒന്നാംഘട്ട പ്രചാരണം.
മണ്ഡല പര്യടനത്തിനു തുടക്കം കുറിച്ച് കോമത്ത് കുന്നുമ്പ്രത്ത് പിണറായി വിജയൻ പ്രസംഗിച്ചതൊക്കെയും സർക്കാരിന്റെ വികസനനേട്ടങ്ങളായിരുന്നു.
അഞ്ചരക്കണ്ടി ഏരിയയിലെ എട്ടു കേന്ദ്രങ്ങളിലെ പ്രചാരണയോഗങ്ങളിലാണ് പിണറായി വിജയൻ ആദ്യദിനം പങ്കെടുത്തത്.
പ്രചാരണത്തിലെവിടെയും പിണറായി വിജയൻ സ്വർണക്കടത്ത്, ശബരിമല വിഷയങ്ങൾ പരാമർശിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങളോടും അദ്ദേഹം മൗനം പാലിച്ചു.
സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനാണ് പിണറായി വിജയൻ ഒന്നാംഘട്ട പ്രചാരണത്തിലുടനീളം ശ്രമിച്ചത്.
കഴിഞ്ഞ ഏഴു ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകുന്നേരം അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്.
ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ച പിണറായി നാളെമുതൽ മറ്റു ജില്ലകളിലെ പ്രചാരണപരിപാടികൾക്കു പോകും.
നാളെ വയനാട്ടിലാണ് പ്രചാരണം. തുടർന്ന് സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കു പോകുന്ന അദ്ദേഹം വീണ്ടും 30ന് കണ്ണൂർ ജില്ലയിലെത്തും.
അന്ന് ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങുന്ന അദ്ദേഹം 31 മുതൽ ധർമടം മണ്ഡലത്തിൽ വീണ്ടും സജീവമാകും.
ഇരട്ട വിട്ടൊരു കളിയില്ല!
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11 ഓടെ ധർമടം നിയോജകമണ്ഡലം വരണാധികാരിയും അസി. ഡവലപ്മെന്റ് കമ്മീഷണറുമായ ബെബിൻ ജോൺ വർഗീസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
രണ്ടു സെറ്റ് പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സിപിഐ നേതാവ് സി.എം. ചന്ദ്രൻ എന്നിവർ പിന്താങ്ങി.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനൊപ്പമാണ് പത്രിക നൽകാൻ മുഖ്യമന്ത്രി വരണാധികാരിയുടെ ഓഫീസിലെത്തിയത്.
51.95 ലക്ഷത്തിന്റെ സ്വത്ത്
കണ്ണൂർ: പിണറായി വിജയന് 51.95 ലക്ഷം രൂപയുടെ സ്വത്ത്. പിണറായിയുടെ കൈവശം 10,000 രൂപയുണ്ട്. കൂടാതെ എസ്ബിഐ തലശേരി ബ്രാഞ്ചിൽ 78,048.51 രൂപയും പിണറായി കോ-ഓപ്പറേറ്റീവ് ബാങ്കിൽ 5,400 രൂപയും നിക്ഷേപമായുണ്ട്. മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപയുടെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെയും പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 100 രൂപയുടെയും കിയാലിൽ ഒരു ലക്ഷത്തിന്റെയും ഷെയറുമുണ്ട്. പിണറായിയിൽ 58 സെന്റ് സ്ഥലവും പാതിരയാട് 20 സെന്റ് സ്ഥലവുമുണ്ട്.
ഭാര്യ കമലയുടെ കൈവശം 2,000 രൂപയുണ്ട്. ഭാര്യയുടെ പേരിൽ തലശേരി എസ്ബിഐ ബ്രാഞ്ചിൽ 5,47,803.21 രൂപയും തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിൽ 32,664.40 രൂപയും മാടായി കോ-ഓപറേറ്റീവ് റൂറൽ ബാങ്കിൽ 3,58,336 രൂപയും മൗവ്വഞ്ചേരി കോ-ഓപറേറ്റീവ് ബാങ്കിൽ ഫിക്സ്ഡ് ഡെപ്പോസിറ്റായി വിവിധ അക്കൗണ്ടുകളിൽ 2,52,664 രൂപ, 7,61,250 രൂപ, 1,85,000 രൂപ, പിണറായി സർവീസ് സഹകരണ ബാങ്കിൽ എസ്ബി അക്കൗണ്ടിൽ 176 രൂപയും നിക്ഷേപമായുണ്ട്.
മലയാളം കമ്യൂണിക്കേഷനിൽ 20,000 രൂപയുടെ ഷെയറും കിയാലിൽ രണ്ടു ലക്ഷത്തിന്റെ ഷെയറുമുണ്ട്.
പിണറായി പോസ്റ്റ് ഓഫീസിൽ കമലയ്ക്ക് 1,23,000 രൂപ, 21,000 രൂപ, വടകര അടയ്ക്കാത്തെരു പോസ്റ്റ് ഓഫീസിൽ 1,45,000 രൂപ എന്നിങ്ങനെ ആർഡി അക്കൗണ്ടുകളുണ്ട്.
3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വർണവും കമലയ്ക്കുണ്ട്. കമലയുടെ പേരിൽ വടകര കണ്ണൂക്കരയിൽ 17.5 സെന്റ് സ്ഥലവുമുണ്ട്.