ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ മുന്നണികളിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു.
കെഎസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും മികവോടെ പ്രവര്‍ത്തിച്ച ഈ 27കാരിയെത്തേടി അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിത്വം എത്തുന്നത്.
കായംകുളം പുതുപ്പള്ളി വടക്കു കൊച്ചുമുറി അജേഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളായ അരിത ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ്.
21-ാം വയസില്‍ ജില്ലാ പഞ്ചായത്ത് അംഗമായ അരിത ഈ നേട്ടത്തില്‍ എത്തുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ അരിത പത്രിക സമര്‍പ്പിച്ചെങ്കിലും പാര്‍ട്ടി തീരുമാനം മാറ്റി.
മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കി. അപ്പോഴേക്കും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. വോട്ടിങ് യന്ത്രത്തില്‍ പേരുണ്ടാകുമെങ്കിലും ആരും തനിക്കു വോട്ട് ചെയ്യരുതെന്ന് അരിത നോട്ടീസ് അടിച്ചിറക്കി! എന്നിട്ടും ആയിരത്തോളം വോട്ട് അരിതയുടെ പേരില്‍ വീണു.
ജില്ലാ പഞ്ചായത്തിലേക്കു കായംകുളം കൃഷ്ണപുരത്തു നിന്നാണു ജയിച്ചിരുന്നത്. ”ഞാന്‍ ഈ നാട്ടുകാരിയാണ്. കായംകുളം പുതുപ്പള്ളിയിലെ വോട്ടറാണ്. അതെല്ലാം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.”
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അച്ഛന് തുളസീധരന്‍.അദ്ദേഹത്തിന്റെ വിളിപ്പേരാണ് അരിതയുടെ പേരിനൊപ്പമുള്ള ബാബു. പശുവിനെ വളര്‍ത്തി പാല് വിറ്റാണ് ഉപജീവനം.
തന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ പശുക്കളില്‍ നിന്നാണെന്ന് അരിത പറയുന്നു. പ്രചാരണത്തിനായി ആദ്യമിറക്കിയ പോസ്റ്ററില്‍ അരിത പാല്‍പ്പാത്രവുമായി പോകുന്ന ചിത്രമാണ് അച്ചടിച്ചത്. അതു സുഹൃത്തുക്കളുടെ ആഗ്രഹമായിരുന്നു. പ്രൈവറ്റായി ബി.കോം ബിരുദ പഠനം പൂര്‍ത്തിയാക്കിയിരുന്നു.
കെ.എസ്.യു. കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. നിയമപഠനത്തിനായുള്ള തയാറെടുപ്പുകള്ക്കിടെയാണു പുതിയ നിയോഗം.