കോട്ടയം: ആവി പറക്കുന്ന ചൂടു കാപ്പിയും കുടിച്ച് മുന്നിലിരിക്കുന്ന പരന്ന വെളുത്ത പാത്രത്തിൽ നിന്നും ബീറ്റ് റൂട്ട് ചുവപ്പ് ഉള്ളിൽ നിറച്ച കട്ലറ്റും മസാല ദോശയും കഴിച്ച് രാഷ്ട്രീയ ചർച്ച ചൂടു പിടിപ്പിക്കുകയാണ് കോഫി ഹൗസിലെ തീൻമേശയിടം.
ഇടതും വലതും ബിജെപിയുമായി പല പക്ഷം പിടിക്കുന്ന ആവി പറക്കുന്ന ചർച്ചകൾ തെരഞ്ഞെടുപ്പ് രംഗത്തെയും ചൂടുപിടിപ്പിക്കുന്നു.
തർക്കങ്ങളും വാഗ്വാദങ്ങളുമുണ്ടായാലും കാപ്പിയുടെ ചൂടാറുന്നതു പോലെ അത് ഉടൻ തണുക്കും.
മസാല ദേശയും നെയ്യ് റോസ്റ്റും പിഞ്ഞാണത്തിൽനിന്നു തീരുന്ന നേരം മാത്രമേയുള്ളൂ ഇവരുടെ തർക്കത്തിന്റെ ആയുസും.
തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോൾ ചർച്ചകൾക്ക് ആളും കൂടി. നേരവും കൂടി. ആരു ജയിക്കും തോൽക്കും എന്നതാണ് പ്രധാന ചർച്ച.
തോൽക്കാനുള്ള കാരണങ്ങൾ, ഭരണമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ, സ്ഥാനാർഥിക്കെതിരേയുള്ള ആരോപണങ്ങൾ തുടങ്ങിയ വർത്തമാനങ്ങൾ കാടുകയറും.
1970കളുടെ അവസാനം മുതൽ കോട്ടയം ടിബി റോഡിലെ കോഫി ഹൗസ്, ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള കോഫി ഹൗസ്, കോട്ടയം വൈഎംസിഎയിലുള്ള കോഫിഹൗസ് എന്നിവിടങ്ങളിലാണ് കൂടുതലായും സൗഹൃദ കൂട്ടായ്മകുളും ചർച്ചകളും നടക്കുന്നത്.
കോട്ടയം, ചങ്ങനാശേരി കലാലയങ്ങളിലെ വിദ്യാർഥി നേതാക്കളായിരുന്നു ഈ മൂന്നിടങ്ങളിലും സംഗമിക്കാനെത്തിയിരുന്നത്.
സുരേഷ് കുറുപ്പിനു പുറമേ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ്, ജോസഫ് എം. പുതുശേരി, ടോമി കല്ലാനി, ഡിജോ കാപ്പൻ, ആന്റോ ആന്റണി, ഉഴവൂർ വിജയൻ തുടങ്ങി ഒട്ടേറെ പേർ ഒത്തുകൂടിയിരുന്നത് കോഫി ഹൗസിലായിരുന്നു.
രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും ചങ്ങനാശേരി കോഫി ഹൗസിലെ പതിവു സന്ദർശകരായിരുന്നു.
വിവിധ ആവശ്യങ്ങൾക്കായി കൂടിക്കാഴ്ചകൾ വേണ്ടിവരുന്പോൾ കോഫിഹൗസിൽ കാണാമെന്നാണ് ഈ വിദ്യാർഥി യുവജന നേതാക്കൾ പറഞ്ഞിരുന്നത്.
ഒരു കാപ്പിയിലും നെയ് റോസ്റ്റിലും കട്ലറ്റിലും ഒതുങ്ങിയിരുന്നു ഭക്ഷണസാധനങ്ങളുടെ പട്ടികയെങ്കിൽ ചർച്ചകൾ മണിക്കുറുകളോളം നീണ്ടു നിൽക്കും.
കാപ്പി കുടിക്കുന്നതിനിടയിലുള്ള ചർച്ചയ്ക്കിടയിൽ ആരും സ്വന്തം പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പറയാറില്ലെന്നു സൗഹൃദ കൂട്ടായമയിലെ അംഗമായ ഡിജോ കാപ്പൻ ഓർമിക്കുന്നു.
ചർച്ചകളുടെ ശബ്ദം ഉയർന്നാലും കോഫി ഹൗസ് ജീവനക്കാർ ഒന്നും പറയില്ല. ജീവനക്കാരുമായി അത്ര ഇഴകി ചേർന്നായിരുന്നു സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളുടെ ഇടപെടൽ.
കോഫി ഹൗസ് കൂട്ടായ്മയിൽ ചായകുടിച്ചും മസാല ദേശ കഴിച്ചുമിരുന്ന പല നേതാക്കളും പിന്നീട് മന്ത്രിമാരും എംപിമാരും എംഎൽഎമാരുമായിട്ടുണ്ട്.