കോട്ടയം: ജില്ലയിൽ കോട്ടയം, ഏറ്റുമാനൂർ സീറ്റുകൾ ബിജെപിക്കു തലവേദനയാകുന്നു. ഏറ്റുമാനൂർ സീറ്റിലെ ബിജെപി സ്ഥാനാർഥിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്പോൾ കോട്ടയത്ത് സ്ഥാനാർഥിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ ഇറങ്ങിയിരിക്കുകയാണ്.
ഏറ്റുമാനൂർ സീറ്റ് ബിജെപി നല്കിയിരിക്കുന്നതു ബിഡിജെഎസിനാണ്. എന്നാൽ ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ചുവെന്ന് ബിജെപി പറയുന്പോൾ, പിൻവലിച്ചിട്ടില്ലെന്നും മത്സരിക്കുമെന്നുമാണ് ബിഡിജെഎസ് പറയുന്നത്. ബിഡിജെഎസ് ഭരത് കൈപ്പാറേടനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മത്സരിക്കുന്ന മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർഥി വേണമെന്നാണ് ബിജെപിയുടെ നിർദേശം.എന്നാൽ ഈ നിർദേശം അനുസരിച്ചല്ല ബിഡിജെഎസ് സ്ഥാനാർഥിയെ നിർത്തിയതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ ബിജെപി നേതൃത്വം റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏറ്റുമാനൂർ സീറ്റ് ബിജെപി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകരും പ്രതിഷേധത്തിലാണ്.കോട്ടയം, ഏറ്റുമാനൂർ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു ബിജെപി പ്രവർത്തകർക്കിടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സിപിഎം വിട്ട് അടുത്ത നാളിൽ ബിജെപിയിൽ എത്തിയതാണ് കോട്ടയത്തെ സ്ഥാനാർഥി മിനർവ മോഹൻ. ഇതാണ് ഇവർക്കെതിരെ പ്രതിഷേധമുയരാൻ കാരണമായിരിക്കുന്നത്. ഇന്നു രാവിലെയാണ് കോട്ടയത്തെ ബിജെപി സ്ഥാനാർഥിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കെട്ടിയിറക്കിയ സ്ഥാനാർഥികളെ വേണ്ടെന്നും ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരെ വഞ്ചിക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരത്തിലെ വിവിധയിടങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. ലതിക സുഭാഷ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ബിഡിജെഎസ് ലതിക സുഭാഷിനെ പിൻതുണയ്ക്കുമെന്നും രാഷ്ട്രീയ സംസാരമുണ്ട്.