കോട്ടയം: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടവാതൂർ താന്നിക്കപടിയിലെ റബർ മിക്സിംഗ് ഫാക്ടറി മാനേജറായ പെരുന്പാവൂർ കാലടി കൊപ്രക്കാട്ട് വീട്ടിൽ കെ.ആർ ജോയി (53) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു മണർകാട് മാധവൻപടിക്ക് സമീപമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ജോയി വീട്ടിലേക്കു വരുന്പോൾ ബൈക്ക് കാറിൽ തട്ടി ജോയി റോഡിലേക്കു വീണു.
തൊട്ടുപിന്നാലെ എത്തിയ സ്വകാര്യ ബസ് ജോയിയുടെ ശരീരത്തിലുടെ കയറിയിറങ്ങുകയായിരുന്നു. ഗുതരമായി പരിക്കേറ്റ ജോയിയെ ഉടൻ തന്നെ മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അപകടത്തിനിടയാക്കിയ കാറും ബസും മണർകാട് പോലീസ് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു വരികയാണെന്ന് മണർകാട് പോലീസ് പറഞ്ഞു.
ഏറെ നാളായി ജോലി സംബന്ധമായി വടവാതൂരിലായിരുന്നു ജോയി താമസിച്ചിരുന്നത്. മഞ്ജുവാണ് ഭാര്യ. മക്കൾ മീര ( ഇൻഫോപാർക്ക് കൊച്ചി), മേഘ (പ്ലസ്ടു വിദ്യാർഥിനി)