സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിനു തലവേദനയായി നേതാക്കളുടെ കൂറുമാറ്റം. എല്ലാവരും തന്നെ എന്‍ഡിഎയിലേക്കാണ് പോകുന്നതെന്നതും സിപിഎം നയിക്കുന്ന എല്‍ഡിഎഫിനു ക്ഷീണമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയിലേക്ക് കൂറുമാറിയ സിപിഐ നേതാവാണ് ഈ വഴിയിലെ ഏറ്റവും പുതിയ ആള്.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിഡിജെഎസിലെത്തിയത്.
ഇടതുമുന്നണിയില്‍ സിപിഐയുടെ ഹരിപ്പാട് സീറ്റില്‍ തമ്പി മേട്ടുതറയും പരിഗണനയിലായിരുന്നു. എന്നാല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്. സജിലാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് തമ്പി രാജിവച്ച് ബിഡിജെഎസിലെത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ നിന്നും എന്‍ഡിഎയ്ക്ക് വേി ജനവിധി തേടുന്നതും തമ്പിയായിരിക്കും.
സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് തമ്പി മേട്ടുതറ ഉന്നയിച്ചത്. കാനം രാജേന്ദ്രന് ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും, സിപിഐ നേതാവായ എന്‍ സുകുമാരപിള്ള കൂടെ നിന്ന് കാലു വാരുന്ന ആളാണെന്നും രാജി കത്തില്‍ അദ്ദേഹം ആരോപിച്ചു. പരാതി ചര്‍ച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ പാര്‍ട്ടി തയ്യാറായില്ലായെന്നും രാജി കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിപിഎം ചുനക്കര ലോക്കല്‍ കമ്മിറ്റി അംഗമായ കെ സഞ്ജു സിപിഎം വിട്ട് എന്ഡിഎയിലെത്തിയിരുന്നു. മാവേലിക്കര മണ്ഡലത്തില്‍ ബിഡിജെസ് സ്ഥാനാര്‍ഥിയായി സഞ്ജു മത്സരിക്കും. തണ്ണീര്‍ മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി. എസ് ജ്യോതിസാണ് എന്‍ഡിഎയിലെത്തിയ മറ്റൊരാള്‍ ചേര്‍ത്തലയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് ജ്യോതിസ്.
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരുന്ന ഇടതുമുന്നണി നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയ അവസ്ഥയാണ്.