കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് ഇക്കാര്യം പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്ത് പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍.
കാസര്‍ഗോഡ് ഇസത് നഗര്‍ സ്വദേശി റിയാസുദീനെ (47) യാണ് ഇന്നലെ പുലര്‍ച്ചെ മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപത്തുവച്ച് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഉദുമ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയത്.
പിന്നീട് യുവതി വിവാഹിതയാകുകയും മൂന്ന് മക്കളുടെ അമ്മയുമായതിനുശേഷം ഭര്‍ത്താവ് വിദേശത്തായിരുന്ന സമയത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ ഒന്നിലധികം കേസുകളിലായി 23 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്.
ഈ കേസില്‍ ബേവൂരിയിലെ എം.എ. മുഹമ്മദ് അഷ്റഫ് (32), ഉദുമ പടിഞ്ഞാര്‍ സ്വദേശികളായ പി.എം. അബ്ദുല്‍ റഹ്മാന് (33), മുഹമ്മദ് ആസിഫ് (34), ഉദുമ കൊവ്വലിലെ കെ.വി. മുനീര്‍ (35) എന്നിവരുടെ മുന്‍കൂര്‍ ജാമ്യം കഴിഞ്ഞദിവസം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു.
കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് യുവതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.