കൊട്ടിയൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരോട് ചിലത് പറയാൻ തയാറെടുക്കുകയാണ് പാലുകാച്ചിമലയിലെയും പരിസരത്തെയും അന്പത് കർഷകകുടുംബങ്ങൾ.
തങ്ങളുടെ ജീവിതോപാദിയായ കശുമാവുകൾ നശിച്ചുപോയിട്ട് ഒന്ന് തിരിഞ്ഞുനോക്കാൻ പോലും രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം തയാറായില്ല.
കൊട്ടിയൂർ പഞ്ചായത്തിൽ പൊയ്യമല, പാലുകാച്ചി, ഒറ്റപ്ലാവ്, പന്നിയാംമല എന്നിങ്ങനെ ഒന്നുമുതൽ നാലുവരെ വാർഡുകളിലായി പരന്നുകിടന്നിരുന്ന അന്പതിലേറെ കർഷകരുടെ 300 ഏക്കറോളം കശുമാവിൻതോട്ടങ്ങളാണ് 2018, 2019 വർഷങ്ങളിലെ മഴയിലും തുടർന്നുണ്ടായ കൊടുംചൂടിലും നശിച്ചത്.
2018 ൽ കശുമാവുകൾ ഉണങ്ങിനശിക്കാൻ തുടങ്ങിയതോടെ കർഷകർ കൃഷിവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും തടയാനുള്ള നടപടികൾ ഉണ്ടായില്ല.
പിന്നീട് 2019ലെ അതിവർഷത്തോടെ കശുമാവുകൾ പൂർണമായും നശിച്ചു.
പല ജനപ്രതിനിധികളെയും കണ്ട് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്ന് അപേക്ഷിച്ചിട്ടും ഒരു സഹായവും ചെയ്തില്ല.
കൂടുതൽ തോട്ടമുണ്ടായിരുന്ന 33 കർഷകർ ചേർന്ന് കൊട്ടിയൂർ കൃഷിഭവനിൽ നിവേദനം നൽകിയിരുന്നു.
എന്നാൽ അപേക്ഷ സ്വീകരിക്കാൻ പോലും ഓഫീസർ തയാറായില്ലെന്ന് കർഷകനായ ജോയി പൊട്ടങ്കൽ പറഞ്ഞു.
ദിവസേന ക്വിന്റലിലേറെ കശുവണ്ടി ശേഖരിച്ചിരുന്ന സ്ഥാനത്ത് രണ്ടു കിലോഗ്രാം മാത്രമാണിപ്പോൾ ലഭിക്കുന്നതെന്ന് കർഷകർ പറഞ്ഞു.
എന്നാൽ കർഷകരിൽ പലരും തളരാതെ വീണ്ടും കശുമാവിൻ തൈകൾ വച്ചുപിടിപ്പിക്കുകയാണ്. ചെങ്കുത്തായ പ്രദേശത്തെ നശിച്ച കശുമാവുകൾ നീക്കി വീണ്ടും പുതിയവ നട്ടിരിക്കുകയാണവർ.
ഗ്രാഫ്റ്റ് കശുമാവിനെക്കാൾ ഈ പ്രദേശങ്ങളിൽ നാടൻ ഇനങ്ങളാണ് അനുയോജ്യമെന്ന് കർഷകർ പറയുന്നു. കശുമാവിൻ തൈകൾ വാങ്ങുന്നതിന് വലിയ തുക നൽകി.
നഷ്ടപരിഹാരം ലഭിച്ചാൽ ചെറിയൊരാശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വാഴയോ മറ്റു വിളകളോ പ്രദേശത്ത് നട്ടാൽ കാട്ടുമൃഗങ്ങളിറങ്ങി നശിപ്പിക്കും.
പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകി. എന്നാൽ കശുമാവ് നശിച്ച് വരുമാനം നിലച്ച ഞങ്ങളെ പരിഗണിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.