സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വട്ടിയൂർക്കാവിൽ കളം തെളിഞ്ഞു.
മണ്ഡലം തിരികെ നേടാൻ യുഡിഎഫ് സ്ഥാനാർഥിയായി യുവ അഭിഭാഷക കൂടിയായ വീണ എസ്. നായരെ രംഗത്ത് ഇറക്കിയതോടെ വട്ടിയൂർക്കാവും ഇനി ത്രികോണ പോരാട്ടത്തിന്റെ വീഥിയിലേക്ക്.
ഇടതു മുന്നണി സ്ഥാനാർഥിയായി നിലവിലെ എംഎൽഎ കൂടിയായ സിപിഎമ്മിലെ വി.കെ. പ്രശാന്തും എൻഡിഎയുടെ പോരാളിയായി ബിജെപി ജില്ലാ പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ വി.വി. രാജേഷും നേരത്തെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
കോണ്‍ഗ്രസിലെ തർക്കങ്ങളെ തുടർന്നു പലരുടെയും പേരുകൾ പറഞ്ഞു കേട്ടിരുന്നെങ്കിലും ഒടുവിൽ വീണയ്ക്കു നറുക്കു വീഴുകയായിരുന്നു.
കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് എത്തിയ വീണ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി വിചാർ വിഭാഗ് തിരുവനന്തപുരം താലൂക്ക് മുൻ സെക്രട്ടറി, പ്രസിഡന്റ്, പ്രഫഷണൽ കോണ്‍ഗ്രസ് തിരുവനന്തപുരം ചാപ്റ്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്കു മത്സരിച്ചിരുന്നു.
സോഷ്യോളജിയിൽ ബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയാണ്.
മണ്ഡലത്തിൽ ഉൾപ്പെട്ട മരുതംകുഴി ചിത്തിരയിൽ താമസം. ഭർത്താവ് കെ.പി.കെ. തിലകൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ്.
ഇടതു മുന്നണി സ്ഥാനാർഥിയായ വി.കെ. പ്രശാന്ത് 2019 ലെ ഉപതെരഞ്ഞെടുപ്പിലാണ് വട്ടിയൂർക്കാവ് പിടിച്ചെടുത്തത്.
കോർപറേഷൻ മേയറായിരുന്ന പ്രശാന്ത് മേയർ ബ്രോ എന്ന വിളിപ്പേരോടെ മണ്ഡലം നിറഞ്ഞപ്പോൾ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം.
പ്രശാന്ത് 54,830 വോട്ട് നേടിയപ്പോൾ കോണ്‍ഗ്രസിലെ കെ. മോഹൻകുമാറിന് 40,365 വോട്ടാണു ലഭിച്ചത്. ബിജെപിയുടെ എസ്. സുരേഷിന് 27,453 വോട്ടു മാത്രമേ നേടാനായുള്ളു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പോരാടിയ കുമ്മനം രാജശേഖരൻ 43,700 വോട്ട് നേടി രണ്ട ാമതെത്തിയിരുന്നു.
അന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച കെ. മുരളീധരന് 51,322 വോട്ടാണു ലഭിച്ചത്.
മൂന്നാമതെത്തിയ എൽഡിഎഫിലെ ടി.എൻ. സീമയ്ക്ക് 40,441 വോട്ടു മാത്രമാണു നേടാനായത്.