പട്യാല: ടോക്കിയോ ഒളിമ്പിക്സിനു ടിക്കറ്റ് ബുക് ചെയ്ത് കേരളത്തിന്റെ എം. ശ്രീശങ്കര്‍. 24-ാമത് ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം പുരുഷന്മാരുടെ ലോംഗ്ജംപില് ഒന്നാം സ്ഥാനത്തെത്തിയാണ് ശ്രീ ശങ്കർ ഒളിമ്പിക് യോഗ്യത നേടിയത്.
8.22 മീറ്ററാണ് ഒളിമ്പിക്സിനു വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. എന്നാല്‍ ശ്രീശങ്കര്‍ 8.26 മീറ്റര്‍ ചാടി പുതിയ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണമെഡല്‍ നേടി.8.20 മീറ്ററിന്റെ സ്വന്തം റിക്കാര്‍ഡാണു ശ്രീശങ്കര്‍ തിരുത്തിയത്.
കേരളത്തിന്റെ തന്നെ മുഹമ്മദ് അനീസ് യാഹ്യക്കാണു വെള്ളി. വനിതകളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്കു (4.08:70 സെക്കന്‍ഡ്) വെള്ളി. പഞ്ചാബിന്റെ ഹര്മിലന് ബെയ്ന്‍സ് (4.08:70 സെക്കന്‍ഡ്) സ്വര്‍ണം നേടി.
ശ്രീശങ്കറിന്റെ അഞ്ച് ചാട്ടവും എട്ട് മീറ്റര്‍ മറികടക്കുന്നതായിരുന്നു. അവസാനശ്രമത്തിലായിരുന്ന ഒളിമ്പിക് മാര്‍ക്ക് മറികടന്ന ചാട്ടം താരത്തില്നിന്നുവന്നത്. 8.02, 8.04, 8.07, 8.09 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ശ്രീങ്കറിന്റെ ചാട്ടങ്ങള്‍. ഓരോ ശ്രമവും മെച്ചപ്പെടുത്തുന്ന പ്രകടനമായിരുന്നു ശ്രീശങ്കറിന്റേത്.