വൈക്കം: വൈക്കത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചർച്ചാ വിഷയമായി നേരേകടവ് – മാക്കേക്കടവ് കായൽപാലം.
വൈക്കത്തും അരൂരും ഒരുപോലെ പാലത്തിന്റെ അവസ്ഥ ചൂട് പിടിക്കുന്പോൾ പ്രതിരോധിക്കാനും വോട്ടാക്കി മാറ്റാനും മൂന്നു മുന്നണികളും രംഗത്ത്.
നിർമാണം പൂർത്തിയാകും മുന്പേ പ്രവർത്തനങ്ങൾ നിലച്ചതാണ് നേരേകടവ് – മാക്കേക്കടവ് കായൽപാലം.തീരദേശത്തേയും മലനാടിനേയും കൂട്ടിയിണക്കുന്ന തുറവുർ- പന്പ ഹൈവേയുടെ ഭാഗമായാണ് കായൽ പാലം വിഭാവനം ചെയ്തത്.
വൈക്കം -ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ചു വേന്പനാട്ടു കായലിലെ ഏറ്റവും വീതി കുറഞ്ഞ മാക്കേക്കടവ്- നേരേകടവ് ഫെറിയിൽ 2016 ലാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തി നിർമാണമാരംഭിച്ചത്.
98 കോടി രൂപ വിനിയോഗിച്ചു 750 മീറ്റർ നീളത്തിൽ ഇരുവശത്തും നടപ്പാതയോടു കൂടിയ പാലം നിർമിക്കുന്നതിനായിരുന്നു പദ്ധതി.
പാലത്തിന്റെ നിർമാണ ചുമതല ഏറ്റെടുത്ത കണ്സ്ട്രക്ഷൻ കന്പിനി 18 മാസത്തിനകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് കരാറിൽ പറഞ്ഞിരുന്നത്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്പോൾ മാക്കേക്കടവിലും നേരേകടവിലും സമീപ റോഡിനായി സ്ഥലം വിട്ടുനൽകേണ്ടി വരുന്നവർ ജില്ലാ ഭരണകൂടം നിശ്ചയിച്ചഭൂമി വിലയിൽ തൃപ്തിവരാതെ 2013 ലെ പുനരധിവാസ പാക്കേജ് പ്രകാരം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു.
കോടതിയിൽ കേസ് തുടർന്നതോടെ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.പാലത്തിന്റെ ഒരു സ്പാൻ സ്ഥാപിക്കുന്നതും ബീമുകളും മറ്റും വാർക്കുന്നതിനു സൗകര്യപ്രദമായ സ്ഥലത്തിവന്റെയും തർക്കം പരിഹരിക്കപ്പെടാതിരുന്നതിനാൽ മൂന്നു വർഷത്തോളമായി പാലത്തിന്റെ നിർമാണം തടസപ്പെട്ട നിലയിലാണ്.
ഒരു മാസം മുന്പ് നേരേ കടവ്, മാക്കേക്കടവ് ഭാഗങ്ങളിലെ സ്ഥല ഉടമകൾക്കു നൽകാൻ സർക്കാർ ഒരു കോടി ഇരുപതുലക്ഷം രൂപ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കൈമാറുന്ന സ്ഥിതിയിലാക്കിയിരുന്നു.
അരൂർ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും കായൽ പാലത്തിന്റെ നിർമാണം നിലച്ചത് ചർച്ചയായിരുന്നു.നേരേകടവിലും മാക്കേക്കടവിലും സ്ഥല ഉടമകൾ സ്ഥലം വിട്ടുനൽകുന്നതിനു വിസമ്മതിച്ചു പ്രശ്നം കോടതിയിലെത്തിച്ചതുകൊണ്ടാണ് വൈക്കം, ചേർത്തല താലൂക്കുകളുടെ വികസനത്തിൽ നാഴികല്ലായി മാറിയേക്കാവുന്ന പദ്ധതി വൈകിയതെന്നാണ് ഇടതുപക്ഷം നൽകുന്ന വിശദീകരണം.