സ്വന്തം ലേഖകന്‍
കോഴിക്കോട് : കടത്തനാട്ടില്‍ അനിശ്ചിതത്വത്തിന് വിരാമമിട്ട് പോര്‍മുഖം തെളിഞ്ഞു. യുഡിഎഫ് പിന്തുണയോടെ ആര്‍എംപി നേതാവ് കെ.കെ.രമ വടകരയില്‍ മത്സരിക്കും.
ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവാണ് സ്ഥാനാര്‍ഥിയായി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ രമയെ പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് -ആര്‍എംപി സഖ്യം വന്‍ വിജയമായിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യവുമായി മുന്നോട്ടു പോവാമെന്ന് ആര്‍എംപി തീരുമാനിച്ചു.
എന്നാല്‍ കെ.കെ.രമ സ്ഥാനാര്‍ഥിയായാല്‍ സഖ്യത്തിന് തയാറെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.
സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുന്നതിനെ ആര്‍എംപി ആദ്യം മുതല്‍ എതിര്‍ത്തു. മത്സരിക്കാനില്ലെന്ന് കെ.കെ.രമയും വ്യക്തമാക്കി. സ്ഥാനാര്‍ഥിയായി എന്‍. വേണുവിന്റെ പേര് രമ തന്നെ മുന്നോട്ടുവച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയുമെല്ലാം വേണുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയും നല്കി. ഈ തീരുമാനത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിര്‍ത്തു.
കെപിസിസി പ്രസിഡന്റിന്റെ സ്വന്തം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള പൂര്‍ണ അധികാരം ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിക്ക് നല്‍കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലായി.
രമ മത്സരിക്കാത്ത പക്ഷം വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനും കെപിസിസി നേതൃത്വം തീരുമാനിച്ചു.
ഇതിനിടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍എംപിയുടെ ഏത് സ്ഥാനാര്‍ഥിയ്ക്കും പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. വടകര സീറ്റ് ഇതോടെ കോണ്‍ഗ്രസിനുള്ളിലും തര്‍ക്കത്തിനിടയാക്കി.
ഞായറാഴ്ച ചേര്‍ന്ന ആര്‍എംപി സംസ്ഥാന കമ്മിറ്റിയിലും മത്സരിക്കില്ലെന്ന നിലപാടില്‍ രമ ഉറച്ചു നിന്നു. ഇതോടെ വേണു തന്നെ മത്സരിക്കുമെന്നുറപ്പായി.
ചൊവ്വാഴ്ച പ്രഖ്യാപനം നടത്താനിരിക്കെയാണ് രമ മത്സരിക്കാത്തതിനാല്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുക്കുമെന്ന നിര്‍ണായ വെളിപ്പെടുത്തലുമായി എം.എം. ഹസന് രംഗത്തെത്തിയത്. ഇതോടെ രമയെ തന്നെ മത്സരിപ്പിക്കാന്‍ ആര്‍എംപി തീരുമാനിക്കുകയായിരുന്നു.
രമ നിലപാടില്‍ മാറ്റം വരുത്തി പ്രതിപക്ഷ നേതാവിനെ നേരിട്ട് വിളിച്ച് സ്ഥാനാര്‍ഥിയാവാന്‍ സന്നദ്ധത അറിയിക്കുകയും ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജെഡിഎസ് നേതാവ് സി.കെ. നാണുവാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും നേടിയപ്പോള്‍ ആര്‍എംപി സ്ഥാനാര്‍ഥിയായ രമയ്ക്ക് 20,504 വോട്ടാണ് ലഭിച്ചത്.
ഇത്തവണ എല്‍ഡിഎഫില്‍ സ്ഥാനാര്‍ഥിയായി എല്‍ജെഡിയുടെ മനയത്ത് ചന്ദ്രന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ എം.രാജേഷ്കുമാറാണ്.