ഐഎസ് ഭീകരനായ ഡച്ച് യുവാവിനെ വിവാഹം കഴിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു കുഴപ്പത്തിലായ ഷമീമ ബീഗം എന്ന ഇരുപത്തിയൊന്നുകാരി വീണ്ടും പാശ്ചാത്യവേഷത്തിലേക്ക്.
ഐഎസിൽ ചേർന്നു സിറിയയിലേക്കു പോയ ഷമീമയെ പിന്നീടു ലോകം കണ്ടതു പർദ ധരിച്ചായിരുന്നു.
സിറിയയിലും മറ്റും ഐഎസിനു തിരിച്ചടി നേരിട്ടതോടെ ജീവിതം കുഴപ്പത്തിലായ ഷമീമ ഇംഗ്ലണ്ടിലേക്കു തിരികെ വരാൻ പല ശ്രമങ്ങളും നടത്തിയിരുന്നു.
എന്നാൽ, ഇവർ തിരിച്ചെത്തുന്നതിനെതിരേ ഇംഗ്ലണ്ടിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്.
ഇതുവരെ അതിനായി നടത്തിയ നിയമപോരാട്ടങ്ങളൊന്നും ഫലം കണ്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പാശ്ചാത്യവേഷത്തിൽ ഷമീമ വീണ്ടും രംഗത്തുവന്നിരിക്കുന്നത്.
അഭയാർഥി ക്യാന്പിൽ
ജീൻസും ടീഷർട്ടും ഇട്ടു കൂളിംഗ് ഗ്ലാസ് വച്ചു നിൽക്കുന്ന ഷമീമയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണിപ്പോൾ. സിറിയയിലെ അഭയാർഥി ക്യാന്പിൽ എടുത്ത ചിത്രമാണിത്.
തീവ്രവാദ സംഘടനയുമായുള്ള എല്ലാ കണ്ണികളും വിച്ഛേദിച്ചു എന്നതിലേക്കു ഷമീമ നൽകുന്ന സൂചനയാണ് ഈ ചിത്രമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലേക്കു തിരിച്ചു വരാനുള്ള ശ്രമമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2019ൽ ഉത്തര സിറിയയിലെ അഭയാർഥി ക്യാന്പിൽവച്ചെടുത്ത അഭിമുഖത്തിൽ ഷമീമ കറുത്ത വസ്ത്രമുപയോഗിച്ചു തല മറച്ചിരുന്നു.
അന്നു മുതൽ യുകെയിലേക്ക് എങ്ങനെയെങ്കിലും തിരികെ പോയാൽ മതിയെന്നാണ് അവർക്ക്. എന്നാൽ, അപ്പോഴേക്കും ബ്രിട്ടൻ ഷമീമയുടെ പൗരത്വം നീക്കം ചെയ്തിരുന്നു.
മാത്രമല്ല ബ്രിട്ടനിലേക്കു മടങ്ങാൻ അനുവദിക്കണം എന്ന ആവശ്യവുമായി ഷമീമ നൽകിയ അപേക്ഷ സുപ്രീം കോടതി നിരസിക്കുകയും ചെയ്തതോടെ എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിലായിപ്പോയി ഇവർ.
2020ൽ ഷമീമയെ ബ്രിട്ടനിലേക്ക് മടങ്ങാൻ അനുവദിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നിരുന്നു.
എന്നാൽ, ഐഎസിൽ ചേരാൻ പോയ ഷമീമയ്ക്കു ബ്രിട്ടനിലേക്കു മടങ്ങാൻ അവസരം ഒരുക്കുന്നതിനെതിരേ വലിയ ജനരോഷമാണുയർന്നത്. ഇതേത്തുടർന്നാണ് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദ് ചെയ്തത്.
പതിനഞ്ചാം വയസിൽ
2015ൽ, പതിനഞ്ചാം വയസിലാണ് ഷമീമ ഐഎസിൽ ചേരുന്നതിനായി വീട്ടിൽനിന്ന് ഇറങ്ങിയത്. അന്ന് അവൾക്കൊപ്പമുണ്ടായിരുന്നു സുഹൃത്തുക്കളായ ഖദീസ സുൽത്താനും അമീറ അമേസും ഇന്നു ജീവിച്ചിരിപ്പില്ല.
കിഴക്കൻ ലണ്ടനിലെ ബെത്നൽ ഗ്രീൻ സ്വദേശിയായ ഷമീമ ഐഎസ് ഭീകരനുമായി പ്രണയത്തിലായിരുന്നു.
അയാളോടുള്ള പ്രണയവും വിശ്വാസവുമാണ് ഷമീമയുടെ കാഴ്ചയെ മറച്ചതും ഈ ചതിക്കുഴിയിൽ വീഴ്ത്തിയതും. ഇരുവർക്കും രണ്ട് കുട്ടികൾ പിറന്നെങ്കിലും മരിച്ചുപോയി.
മൂന്നാം വട്ടം ഗർഭിണിയായിരിക്കുന്പോഴാണ് ഷമീമ അൽ ഹോൾ അഭയാർഥിക്യാന്പിൽ എത്തിപ്പെടുന്നത്. എന്നാൽ, ജനിച്ച് അധികം വൈകാതെ ആ കുഞ്ഞു മരിച്ചു.
ഇനി ഏതെങ്കിലും രീതിയിൽ ഷമീമയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായി അവർ തിരികെ ബ്രിട്ടനിലെത്തിയാൽ അതു തീവ്രവാദികൾക്കു ബ്രിട്ടന്റെ വാതിൽ തുറന്നുകൊടുക്കുന്നതിനു സമാനമാണെന്നു വിമർശകർ പറയുന്നു. ബംഗ്ലാദേശ് വംശജയാണ് ഷമീമ.