സാബു ജോണ്
തിരുവനന്തപുരം: രണ്ടു ദേശീയ നേതാക്കളുടെ പ്രസ്താവനകൾ തെരഞ്ഞെടുപ്പ് ആയുധമാക്കാൻ യുഡിഎഫ്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിലൂടെ ശബരിമല വിഷയവും ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ ആരോപണത്തിലൂടെ ബിജെപി – സിപിഎം ധാരണ എന്ന ആരോപണവും സജീവമാക്കാനാണ് നീക്കം.
സിപിഎം- ബിജെപി ധാരണ എന്നു യുഡിഎഫും യുഡിഎഫ് – ബിജെപി ധാരണ എന്ന് എൽഡിഎഫും യുഡിഎഫ് – എൽഡിഎഫ് ഒത്തുകളി എന്ന് ബിജെപിയും പരസ്പരം ആരോപിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.
അതിനിടെ ബിജെപിയിൽ ഉന്നത സ്ഥാനത്തുള്ള നേതാവു തന്നെ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന തരത്തിലുള്ള പരാമർശം നടത്തിയതോടെ യുഡിഎഫ് അത് ഏറ്റെടുത്തു.
യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഇടതുപക്ഷം ആരോപിക്കാറുണ്ട്. അതു കുറെയൊക്കെ വിശ്വാസ്യത നേടുകയും ചെയ്യാറുണ്ട്.
ആ ധാരണ മാറ്റിയെടുക്കാനാണു കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പാടേ പിന്നോട്ടു പോയ നേമത്തു കരുത്തനായ സ്ഥാനാർഥിയെ നിർത്താൻ കോണ്ഗ്രസ് തീരുമാനിച്ചതു തന്നെ.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെയും ലാവ്ലിൻ കേസിന്റെയുമൊക്കെ ഗതി ചൂണ്ടിക്കാട്ടി സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നു കോണ്ഗ്രസ് കുറേ നാളായി ആരോപിച്ചു വരികയാണ്.
തങ്ങൾ പറഞ്ഞതു ശരിയായി എന്നു പറയാൻ കോണ്ഗ്രസ് നേതാക്കൾക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
വരുംദിവസങ്ങളിൽ ഈ ആരോപണം പ്രചാരണ രംഗത്തു യുഡിഎഫ് ആയുധമാക്കും.
കോണ്ഗ്രസ് – ബിജെപി ധാരണ എന്ന ബദൽ ആരോപണത്തിലൂടെ ഇതിനെ മറികടക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ വികാരപ്രകടനം എന്ന നിലയിൽ ബാലശങ്കറിന്റെ ആരോപണത്തെ നിസാരവത്കരിക്കാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും തുനിഞ്ഞത്.
ശബരിമല പ്രശ്നത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയതിനെ തള്ളിപ്പറഞ്ഞത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.
സിപിഎം കൈക്കൊണ്ടത് ശരിയായ നിലപാട് ആയിരുന്നു എന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പു കാലത്ത് ചർച്ചയാക്കാൻ സിപിഎം താൽപര്യപ്പെടാതിരുന്ന വിഷയമാണു ശബരിമല.
എന്നാൽ സിപിഎം ജനറൽ സെക്രട്ടറി തന്നെ ചർച്ചയ്ക്കായി വിഷയം തുറന്നു കൊടുത്തതോടെ യുഡിഎഫും ബിജെപിയും ഇത് ഏറ്റുപിടിച്ചു.
സിപിഎം നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസും ആവശ്യപ്പെട്ടു കഴിഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും ഈ വിഷയം ഏറ്റെടുത്തു.
വികസന നേട്ടങ്ങൾ പ്രധാന പ്രചാരണ വിഷയമാക്കി തുടർഭരണം ഉറപ്പെന്ന പ്രതീതി സൃഷ്ടിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പു രംഗത്തേക്കു കടന്നതു തന്നെ. അതിൽ അവർ വലിയൊരു പരിധി വരെ വിജയിക്കുകയും ചെയ്തു.
ഒപ്പം ബിജെപിയെ മുഖാമുഖം നേരിടാൻ തങ്ങൾക്കു മാത്രമേ കഴിയുകയുള്ളു എന്ന സന്ദേശവും അവർ ജനങ്ങൾക്കു മുന്പാകെ അവതരിപ്പിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇങ്ങനെ പ്രചാരണം മുന്നോട്ടു പോകുന്പോഴാണ് ബിജെപി ബന്ധവും ശബരിമല വിഷയവും പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങളായി കടന്നു വരുന്നത്.
നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയാക്കി മുന്നണികൾ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കടക്കുന്പോൾ പുതിയ വിഷയങ്ങളും ഉയർന്നു വന്നേക്കാം. പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ചർച്ചയാകുമെന്ന് ഉറപ്പാണ്.
അതിനു കൃത്യമായ മറുപടി നൽകേണ്ടതു ബിജെപിക്കു ബാധ്യതയാകും. തെരഞ്ഞെടുപ്പിനു മുന്പു വരെ പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്ന സർക്കാരിനെതിരായ ആക്ഷേപങ്ങളും വരും ദിവസങ്ങളിൽ സജീവമാക്കാൻ സാധ്യതയുണ്ട്.