കൊച്ചി: പറവൂര്‍ സ്വദേശിനിയെ തിരുവനന്തപുരത്തെത്തിച്ച് പീഡിപ്പിച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും എറണാകുളം അഡീ. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.
പെണ്‍കുട്ടിയെ മറ്റു പലര്‍ക്കും കാഴ്ചവയ്ക്കാന്‍ കൂട്ടുനിന്ന ചേര്‍ത്തല തൈക്കാട്ടുശേരി കല്ലുങ്കല്‍ ഖദീജയെ (61) രണ്ട് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്.
കേസിൽ വിചാരണ നേരിട്ട മറ്റു പ്രതികളായ പെണ്‍കുട്ടിയുടെ മാതാവ്, ആലപ്പുഴ കാക്കാഴം പുതുവല്‍ വീട്ടില്‍ സീനത്ത് (46), കുന്നത്തുനാട് മഴുവന്നൂര്‍ നെല്ലാട് പുല്‍പ്രയില്‍ തോമസ് വര്‍ഗീസ് (52), കുന്നത്തുനാട് ഐരാപുരം മംഗലത്ത് മൂലേക്കുടി വീട്ടില്‍ സ്വരാജ് (41), കുന്നത്തുനാട് പുത്തന്‍കുരിശ് കറവന്‍കുടി വീട്ടില്‍ എല്‍ദോ കെ. മാത്യു (49) എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടു.
2010 ജൂണില്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ എത്തിച്ച പെണ്‍കുട്ടിയെ 10,000 രൂപ പ്രതിഫലം വാങ്ങി തിരുവനന്തപുരത്തെത്തിച്ചു തോമസ് വര്‍ഗീസ്, സ്വരാജ്, എല്‍ദോ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
പെണ്‍കുട്ടി ഇവരെ തിരിച്ചറിയാത്ത സാഹചര്യത്തിലും മറ്റു പ്രതികള്‍ക്കെതിരേ തെളിവില്ലാത്തതിനാലുമാണ് വെറുതെ വിട്ടത്.