അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും നിര്‍ണായകമായ നാലാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന് ഇന്നിറങ്ങും. ജയം ഇംഗ്ലണ്ടിനാണെങ്കില്‍ പരമ്പര അവർ സ്വന്തമാക്കും. ഇന്ത്യ ജയിച്ചാല്‍ അവസാന മത്സരത്തിന്റെ ഫലം അനുസരിച്ച് പരമ്പരവിജയികളെ നിര്‍ണയിക്കും.
അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.ടോസ് നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഇതുവരെയുള്ള മത്സരങ്ങളില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തവരാണു ജയിച്ചത്.
ഇംഗ്ലണ്ടിന്റെ നായകന് ഇയോന്‍ മോര്ഗന് രണ്ടു തവണ ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ ജയം അവര്‍ക്കൊപ്പമായിരുന്നു. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ അനായാസ ജയം സ്വന്തമാക്കാനായി.
കൂടുതല്‍ കരുത്തോടെ മികച്ചൊരു ഓള്‍റൗണ്ട് പ്രകടനത്തോടെ മത്സരം ജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കെ.എൽ. രാഹുല്‍ ഇന്നും ടീമിനൊപ്പമുണ്ടാകുമെന്നാണ് കോഹ് ലി നല്കുന്ന സൂചനകള്‍.
ഇംഗ്ലണ്ടിനാണെങ്കില്‍ അവസാനം വരെ കാത്തിരിക്കാതെ ജയിച്ച് പരമ്പര നേടുകയാണു ലക്ഷ്യമിടുന്നത്. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ഫോമിലാണെന്നത് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നു.
കൂടാതെ ബൗളിംഗില്‍ മാര്‍ക്ക് വുഡിന്റെയും ആര്‍ച്ചറുടെയും ഫോമും ചേരുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇംഗ്ലണ്ട് ചിന്തിക്കുന്നില്ല.