തിരുവനന്തപുരം: മുഖ്യമന്ത്രിക്ക സേരയിൽ താൽപ്പര്യമില്ലെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നുംഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഈ രീതിയിൽ തലമുറമാറ്റം സാധ്യമാക്കിയ ഒരു സ്ഥാനാർഥിപ്പട്ടിക തന്റെ ഓർമയില്ലെന്നും കേരളത്തിലെ നേതാക്കൻമാരുടെ യോജിച്ച പ്രവർത്തനത്തിൽ ഉയർന്നു വന്ന ലിസ്റ്റാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയതെന്നും കെ.സി. വേണുഗോപാൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്ഥാനാർഥി നിർണത്തിൽ യാതൊരു കാർക്കശ്യവും താൻ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വട്ടിയൂർക്കാവിൽ സമരാവേശവും യുവത്വവുമുള്ള ഒരു സ്ഥാനാർഥിയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
വർഷങ്ങളായി കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകളുണ്ട്. എന്നാൽ ഇത്തവണ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഒത്തൊരുമയോടെ മുന്നോട്ടു പോവുകയാണ്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിന് സ്വന്തമായ രീതിയുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വൻഭൂരിപക്ഷത്തിൽ ജയിക്കും. പിന്നീട് അഭിപ്രായ ഐക്യത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കും- കെ.സി. വേണു ഗോപാൽ പറഞ്ഞു.
ഇരിക്കൂറിൽ സ്ഥാനാർഥി നിർണയത്തിന് നേരേയുണ്ടായ പ്രതിഷേധത്തെ തള്ളിപ്പറയുന്നില്ല. സ്ഥാനാർഥിയാവാൻ അനുയോജ്യരായ പലരും അവിടെയുണ്ടായിരുന്നു.
ബാലശങ്കർ ഇപ്പോൾ തുറന്നു പറഞ്ഞ കാര്യങ്ങൾ കുറച്ചു നാളായി തങ്ങൾക്ക് അനുഭവപ്പെട്ടത് തന്നെയായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം കോൺഗ്രസിനെ തളർത്തുക എന്നതാണ്.
സിപിഎമ്മിന് ഏതു വിധേനയും ഭരണത്തുടർച്ച ഉറപ്പാക്കണം. ഈ രണ്ട് താത്പര്യങ്ങളും ഒരു പോയിന്റിൽ ഒന്നിച്ചു നിൽക്കുന്ന അവസ്ഥയാണ്.
ഒ.രാജഗോപാൽ സമീപകാലത്ത് പറഞ്ഞ പല കാര്യങ്ങളും അദ്ദേഹം തന്നെ തിരുത്തി പറയുന്ന അവസ്ഥയുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.