കോട്ടയം: സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, ജനങ്ങൾ ജാഗ്രതയിലാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ പണി തരാൻ അവർ ചുറ്റുമുണ്ട്.
ജില്ലയിൽ പെരുമാറ്റച്ചട്ട ലംഘനം അധികൃതരുടെ ശ്രദ്ധയിൽപെടുത്താനുള്ള സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതുവരെ ലഭിച്ചത് 195 പരാതികൾ.
ഇതിൽ 86 എണ്ണവും കോട്ടയം നിയോജക മണ്ഡലത്തിൽനിന്നാണ്. ഏറ്റുമാനൂർ-49, കടുത്തുരുത്തി-35, ചങ്ങനാശേരി-10, പൂഞ്ഞാർ- ഏഴ്, പുതുപ്പള്ളി, വൈക്കം-മൂന്നു വീതം, കാഞ്ഞിരപ്പള്ളി, പാലാ-ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ ലഭിച്ച പരാതികളുടെ എണ്ണം.
അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കുന്നതിനെതിരെയാണു കൂടുതൽ പരാതികൾ. പരാതി ലഭിച്ചാൽ ആന്റീ ഡീഫേസ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി ഇത്തരം പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യും.
പ്ലേ സ്റ്റോറിൽ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ മുഖേന തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വിഡിയോകൾ, ശബ്ദരേഖകൾ എന്നിവയും പൊതുജനങ്ങൾക്ക് സമർപ്പിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ തുടർ നടപടി സ്വീകരിക്കും.