സ്വന്തം ലേഖകന്‍
കോഴിക്കോട്: യുഡിഎഫ് തീരുമാനത്തിനെതിരേ എലത്തൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
എലത്തൂര്‍ സീറ്റ് യുഡിഎഫിലെ മാണി സി കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ)യ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ്മണിയാണ് പത്രിക സമര്‍പ്പിച്ചത്.
പിന്മാറില്ല
കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമറിഞ്ഞ എഐസിസി സെക്രട്ടറി പി.വി.മോഹനന് ഇന്നലെ ഈ വിഷയത്തില്‍ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പത്രികാസമര്പ്പണത്തില്നിന്ന് പിന്മാറില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ദിവസങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതുവരെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം യാതൊരു ഇടപെടലും നടത്തിയിരുന്നില്ല.
സ്ഥാനാര്‍ഥി പ്രഖ്യാപത്തിന് ശേഷവുമായിരുന്നു ആദ്യ ഫോണ്‍ കോള്‍ എത്തിയതും.
എലത്തൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് മത്സരിക്കുന്നതെന്നും എട്ട് മണ്ഡലം പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തതെന്നും ദിനേശ്മണി രാഷ്ട്ര ദീപികയോട് പറഞ്ഞു.
അതേസമയം യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും എന്‍സികെക്ക് പിന്തുണനല്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം
എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം എഐസിസി സെക്രട്ടറി പി.വി.മോഹനൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി നിവേദനം നല്‍കിയിരുന്നു.
ഇതിന് പുറമേ നിയോജകമണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവന് എംപി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയോടും ആവശ്യപ്പെട്ടു.
എന്നാല്‍ രണ്ടു ദിവസമായിട്ടും നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
പ്രചാരണത്തിനിറങ്ങാതെ എൻസികെ സ്ഥാനാർഥി
ചൊവ്വാഴ്ച രാത്രി ഡിസിസിക്ക് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. നിലവില്‍ എലത്തൂര്‍ സീറ്റ് യുഡിഎഫ് മാണി സി കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ) പാര്‍ട്ടിക്കാണ് നല്‍കിയത്.
ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിയുക്ത എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിക്ക് പ്രചാരണത്തിനിറങ്ങാന്‍ പോലും സാധിച്ചില്ല.