ചില കുറ്റകൃത്യങ്ങളെക്കുറിച്ചു കേൾക്കുന്പോൾ ഇത് അവർ തന്നെ ചെയ്തതാണോയെന്നു നമുക്ക് സംശയം തോന്നും.
അവിശ്വസനീയതോടെ മാത്രമേ അതു വായിക്കാനും കേൾക്കാനും കഴിയൂ. നേഹ വെർമ എന്ന യുവതിയുടെടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.
മധ്യപ്രദേശിലെ ഇൻഡോറിൽ താമസിച്ചുവന്ന നേഹ വെർമ ഒരു ബ്യൂട്ടീഷ്യൻ ആയിരുന്നു. നല്ല സൗന്ദര്യബോധമുള്ളവൾ. എല്ലാവർക്കും മുന്നിൽ സുന്ദരി ചമഞ്ഞുനടന്നു.
എന്നാൽ, മൂന്നു പേരെ തട്ടിയിട്ടാണ് ഈ നടപ്പെന്നു തിരിച്ചറിഞ്ഞ നിമിഷം നാട്ടുകാർ ഞെട്ടി, ബന്ധുക്കൾ ഞെട്ടി, കൂട്ടുകാർ ഞെട്ടി.
ബ്യൂട്ടിപാർലർ പ്രവർത്തനത്തിന്റെ മറവിൽ കവർച്ചയായിരുന്നു മുഖ്യ തൊഴിൽ. 2011 ജൂൺ 19നാണ് നേഹ വെർമയും രണ്ടു സഹായികളുംകൂടി മൂന്നുപേരെ കൊലപ്പെടുത്തിയത്. അന്നു നേഹയുടെ പ്രായം വെറും 21 മാത്രം.
മൂന്ന് ഇരകൾ
ദേശ്പാണ്ഡെ കുടുംബത്തിലെ അംഗങ്ങളായ അഷ്ലേഷ് ദേശ്പാണ്ഡെ (21), അമ്മ മേഘ (42), മുത്തശി രോഹിണി ഫഡ്കെ (70)എന്നിവരെയാണ് നേഹയും സംഘവും കൊലപ്പെടുത്തിയത്. ദേശ് പാണ്ഡെ കുടുംബത്തിലെ മൂന്നു തലമുറകളെയാണ് നേഹ ഇല്ലാതാക്കിയത്.
മൂന്നും സ്ത്രീകൾ. വെടിവച്ചും കത്തിക്കു കുത്തിയും കൊല നടത്തിയപ്പോൾ തങ്ങൾ പിടിക്കപ്പെടുമെന്ന് ഇവർ കരുതിയിട്ടുണ്ടാവില്ല.
കൊലപാതകം നടന്നു രണ്ടര വർഷത്തിനു ശേഷമാണ് നേഹയെയും സംഘത്തെയും ജില്ലാ കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത്.
വധശിക്ഷ
ഇൻഡോർ ജില്ലാ കോടതി ആദ്യമായി ഒരു സ്ത്രീക്കു വധശിക്ഷ നൽകിയ കേസ് കൂടിയായിരുന്നു ഇത്. ഒരേ കേസിൽ മൂന്നു പേർക്കു വധശിക്ഷ നൽകിയതു വഴി വലിയ വാർത്താ പ്രാധാന്യവും ഈ കേസ് നേടി.
കൊലപാതകം നടക്കുന്നതിനു രണ്ടു ദിവസം മുന്പു കൊല്ലപ്പെട്ട മേഘയെ നേഹ ഒരു മാളിൽ വച്ചാണ് കണ്ടുമുട്ടുന്നത്.
കഴുത്തിലും കൈയിലുമൊക്കെ ധാരാളം സ്വർണാഭരണങ്ങൾ ധരിച്ചുവന്ന മേഘയെ നേഹ നോട്ടമിട്ടു. അവരുമായി സൗഹൃദം ഉണ്ടാക്കിയെടുക്കാൻ തീരുമാനിച്ചു.
ഒരു കന്പനിയുടെ പ്രതിനിധിയാണെന്നു പറഞ്ഞ് അവിടെവച്ചുതന്നെ നേഹ മേഘയെ പരിചയപ്പെട്ടു. സംസാരത്തിനിടയിൽ തന്ത്രത്തിൽ മേഘയുടെ ഫോൺ നന്പരും അവൾ കൈവശപ്പെടുത്തി.
ഫോൺവിളി
പിന്നീട് ഇടയ്ക്കിടെ മേഘയെ ഫോണിൽ വിളിച്ച നേഹ ആ ബന്ധം പതുക്കെ പതുക്കെ ശക്തമാക്കിയെടുത്തു.
നല്ല പെരുമാറ്റവും വശ്യമായ സംസാരവുമൊക്കെ ആകർഷിച്ചതുകൊണ്ടാകാം നേഹയെ മേഘയ്ക്കു കാര്യമായങ്ങ് ഇഷ്ടപ്പെട്ടു.
മേഘയുമായുള്ള സൗഹൃദം ശക്തിപ്പെട്ടതോടെ നേഹയ്ക്കു കാര്യങ്ങൾ കൂടുതൽ എളുപ്പമായി മാറി. വൈകാതെ മേഘയുടെ വീട് അവൾ സന്ദർശിച്ചു.
പിന്നെ പിന്നെ ദേശ്പാണ്ഡെ കുടുംബത്തിൽ അവൾക്ക് സ്വാതന്ത്ര്യമായി. മേഘയോടു മാത്രമല്ല മറ്റു കുടുംബാംഗങ്ങളോടും സൗഹൃദം സ്ഥാപിച്ചെടുത്തു. കുടുംബാംഗങ്ങൾക്കും അവളുടെ സാന്നിധ്യം ഇഷ്ടമായി മാറി.
സാഹചര്യങ്ങളെല്ലാം ഒരുങ്ങിയെന്ന് ഉറപ്പിച്ചു കഴിഞ്ഞപ്പോൾ നേഹയും സംഘവും പദ്ധതികൾ ആസൂത്രണം ചെയ്തു.
കാമുകനും കൂട്ടുകാരനും വീട്ടിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയും സൗഹൃദം പങ്കിട്ടുമൊക്കെ അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചു കൃത്യമായ അറിവ് നേഹ സന്പാദിച്ചിരുന്നു.
അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും വരെ എവിടെയാണ് ഇരിക്കുന്നതെന്ന കാര്യം പോലും അവൾ മനസിലാക്കിയെടുത്തു.
അവസരം ഒത്തുവന്ന ഒരു ദിവസം നേഹ തന്റെ കാമുകൻ രാഹുലിനെയും കാമുകന്റെ കൂട്ടുകാരൻ മനോജിനെയും ദേശ്പാണ്ഡെവീട്ടിലേക്കു ക്ഷണിച്ചു. വീട്ടിൽ പുരുഷൻമാരില്ലെന്ന് ഉറപ്പാക്കിയ സമയത്താണ് സംഘം ആ വീട്ടിലേക്ക് എത്തിയത്.
സ്ത്രീകളെ വകവരുത്തി ആഭരണങ്ങളും പണവുമെല്ലാം സ്വന്തമാക്കുകയായിരുന്നു സംഘത്തിന്റെ പദ്ധതി. അങ്ങനെ അനുകൂല സാഹചര്യത്തിൽ കാമുകനും കൂട്ടുകാരനും ചേർന്നു ആ വീട്ടിലെത്തി.
നേഹയുടെ സുഹൃത്തുക്കൾ എന്ന നിലയിൽ അവർ വീട്ടിൽ വന്നതിൽ വീട്ടിലുള്ളവർക്ക് ആദ്യം അപാകതയൊന്നും തോന്നിയതുമില്ല. (തുടരും)..
തയാറാക്കിയത്: എൻ.എം