ഹരിപ്പാട്: ഉയർച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങൾ കൂടെനിന്നു, ഒരു രാഷ്ട്രീയ നേതാവിന് ഇതിനേക്കാൾ വലിയ സന്പാദ്യം വേറെയെന്തുണ്ട്-
തെരഞ്ഞെടുപ്പു കണ്‍വൻഷനിടെ യുഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല വിതുന്പിക്കൊണ്ടാണ് ഇത്രയും പറഞ്ഞത്.
ഹരിപ്പാട്ടുകാർ തന്നെ ഹൃദയത്തോടാണ് ചേർത്തുനിർത്തിയത്. ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. ജയിച്ചേ മതിയാകൂ.
വിശ്വാസികളെ വിഡ്ഢികളാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിൽ യെച്ചൂരിയുടെ അഭിപ്രായത്തെ തള്ളിപ്പറയാതെ കോടതിയിൽ സർക്കാർ നൽകിയ സത്യാവാങ്മൂലം മാറ്റി നൽകാതെ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ച പിണറായി വിജയൻ ഇപ്പോൾ ശബരിമല വിഷയത്തിൽ ചർച്ചയാകാമെന്നു പറഞ്ഞ് വിശ്വാസികളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട്ടുകാരുമായി നാലുതലമുറയുടെ ബന്ധമാണ് തനിക്കുള്ളതെന്നും ഹരിപ്പാടിന്റെ സമഗ്രവികസനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.