മണ്ണാർക്കാട് : മുസ്ലീംലീഗ് ഇന്നലെ പ്രഖ്യാപിച്ച പട്ടികയിൽ മണ്ണാർക്കാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. എൻ. ഷംസുദീൻ. കഴിഞ്ഞ രണ്ടുതവണ മണ്ണാർക്കാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി.
ഇത് മൂന്നാം ഉൗഴം. 1991ൽ വിദ്യാർഥി പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെന്പർ, എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 2005 ൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെന്പർ. 2011ലും 2016 ലും മണ്ണാർക്കാട് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.നിയമസഭാംഗം എന്ന നിലയിൽ സംസ്ഥാന വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹിയിൽ നടന്ന നാഷണൽ ലെജിസ്ലേച്ചേഴ്സ് കോണ്‍ഫറൻസിൽ സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മികച്ച നിയമസഭാ സാമാജികനുള്ള കെ.കെ. നായർ ശ്രേഷ്ട സാമാജിക പുരസ്കാരം നേടി.
പറവണ്ണ ഗവ: ഹൈസ്കൂൾ, തുഞ്ചൻ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് നാല് തവണ യു.യു.സിയുമായിരുന്നു.
എൻ. മുഹമ്മദ്കുട്ടിയുടെയും, വി.വി മറിയക്കുട്ടിയുടെയും മകനായി തിരൂർ പറവണ്ണയിൽ ജനനം.ഭാര്യ:കെ.പി റാഫിത. എം.ബി.ബി.എസ് ഫൈനൽ ഇയർ വിദ്യാർത്ഥിനി എൻ ഷെഹർസാദ് മകളാണ്. മഞ്ചേരി സ്വദേശി ഡോ.അഷറഫ് വാസിൽ മരുമകനാണ്.