അലനല്ലൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ അഭിമാനമായി മാറിയ സുഹൈർ വി.പിക്ക് ജന്മനാടായ എടത്തനാട്ടുകരയിൽ ആവേശോജ്വല സ്വീകരണം.
കരിപ്പൂരിൽ നിന്നും റോഡ് മാർഗം എത്തിയ താരത്തെ ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറയിൽ നിന്ന് മുദ്രാവാക്യങ്ങളും ആർപ്പുവിളികൾക്കുമൊപ്പം ബൊക്കെ നൽകിയും പൂമാലയിട്ടുമാണ് വരവേറ്റത്.
പിന്നീട് തുറന്ന വാഹനത്തിൽ നിരവധി ഇരുചക്രവാഹനങ്ങളുടെയും വാധ്യമേളങ്ങളുടെയും അകന്പടിയോടെയാണ് താരത്തെ എടത്തനാട്ടുകരയിലേക്ക് ആനയിച്ചത്.
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനായി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് എടത്തനാട്ടുകരയുടെ പേരും പെരുമയും വാനോളമുയർത്തിയ എടത്തനാട്ടുകരയുടെ പ്രിയപുത്രന് ചലഞ്ചേഴ്സ് ക്ലബിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
സെമിഫൈനലിലടക്കം മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റികളും സ്വന്തം പേരിലാക്കിയാണ് താരം തന്റെ പ്രഥമ ഐ.എസ്.എൽ സീസണ് അവസാനിപ്പിച്ചത്.
ചലഞ്ചേഴ്സ് ക്ലബ് സെക്രട്ടറി വി.മുബാറക്ക്, ട്രഷറർ പി.നാസർ, കെ.ടി ജഫീൽ, നൗഷാദ് പുത്തൻക്കോട്ട്, പി.ഷൗലക്കലി, മുഹമ്മദ് അഷൂർ പാറോക്കോട്ട്, അർഷിൻ കാപ്പിൽ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.
യുവഭാവന യത്തീംഖാന, വൈമാസ്ക് നാലുകണ്ടം, ന്യൂപവർ അന്പലപ്പാറ എന്നീ ക്ലബുകളും സുഹൈറിന് ആദരം നൽകി. നാടൊരുക്കിയ സ്വീകരണത്തിനും നൽകിയ പിൻതുണക്കും സുഹൈർ നന്ദി പറഞ്ഞു.
മോഹൻ ബംഗാൻ, ഈസ്റ്റ് ബംഗാൾ, കോഗുലം എഫ്.സി കേരള എന്നീ ടീമുകൾക്കായും സന്തോഷ് ട്രോഫിയിൽ കേരളത്തിന്നായി മൂന്ന് തവണയും താരം ജേഴ്സിയണിഞ്ഞിട്ടുണ്ട്.
എടത്തനാട്ടുകര കോട്ടപ്പള്ളയിലെ ഹംസ റുഖിയ ദന്പതികളുടെ ഏഴ് മക്കളിൽ മൂന്നാമനാണ് സുഹൈർ വി.പിയെന്ന എടത്തനാട്ടുകരയുടെ സ്വന്തം വല്ല്യേണ്ണി.