തൃശൂർ: മകന്റെ ഓർമയ്ക്കായി തൃശൂർ നഗരത്തിനു ശുചിത്വ സമ്മാനം: ഒരു കോടി രൂപയോളം ചെലവുവരുന്ന മാലിന്യ സംസ്കരണ പദ്ധതി തൃശൂർ നഗരത്തിനു സമ്മാനിക്കുന്ന ആന്റണി പാറേക്കാട്ടിൽ പറയുന്നു.
മകൻ ഫ്രാങ്ക് ആന്റണി ഇരുപതാം വയസിൽ 2019 നവംബർ നാലിനു മരിച്ചു. കാൻസർ ബാധിച്ചാണു മരിച്ചത്.
അന്തരീക്ഷ മലിനീകണംമൂലമുള്ള കാൻസർ. ചെന്നൈയിലെ ലയോള കോളജിലും ഫ്രാൻസിലെ യൂണിവേഴ്സിറ്റിയിലുമായി പഠിച്ചുകൊണ്ടിരിക്കുയായിരുന്നു.
മകന്റെ വേർപാടോടെ ഇൻസിനറേറ്റർ, പ്ലാന്റ് ബിസിനസ് നിർത്തിവച്ചു. അങ്ങനെയിരിക്കേയാണ് തൃശൂർ കോർപറേഷനു സൗജന്യമായി ഒരു കോടി രൂപയുടെ പ്ലാന്റ് സമ്മാനിക്കാൻ തീരുമാനിച്ചത്.
കോർപറേഷനിലെ മേയറും ജനപ്രതിനിധികളും താത്പര്യമെടുത്തെങ്കിലും ഫയലുകൾ മുന്നോട്ടുനീങ്ങാൻ 25 തവണയെങ്കിലും കോർപറേഷൻ ഓഫീസ് കയറിയിറങ്ങേണ്ടിവന്നു.
പുരോഗതിയില്ലാതായപ്പോൾ പദ്ധതി നടക്കാൻ പ്രയാസമാണെന്നു തോന്നി. അങ്ങനെയിരിക്കെ, പ്ലാന്റ് ആവശ്യപ്പെട്ട ഭാരത് ഹെവി ഇലക്ട്രിക്കൽസിന് ആ പ്ലാന്റ് വിറ്റു.
തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഇടപെട്ടതിനെത്തുടർന്നു തൃശൂർ കോർപറേഷനുവേണ്ടി വീണ്ടും പ്ലാന്റ് നിർമിച്ചുകൊണ്ടിരിക്കുകയാണ്. 90 ശതമാനം പണികളും പൂർത്തിയായി: ആന്റണി പറഞ്ഞു.