എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ.സുധാകരൻ മത്സരിക്കാത്തതിനു കാരണം മണ്ഡലത്തിൽ തളയ്ക്കപ്പെടുമെന്നതല്ലെന്നു സൂചന.
ഡിസിസിയുടെ എതിർപ്പും അത്ര വലിയ പ്രശ്നമൊന്നുമല്ല. കപ്പിനും ചൂണ്ടിനും ഇടയിൽ നിൽക്കുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നീക്കത്തിനു കുരുക്കാകും എന്നതാണ് യഥാർഥ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെ സുധാകരന്റെ ആഗ്രഹവും ആത്യന്തിക ലക്ഷ്യവും കെപിസിസി പ്രസിഡന്റ് സ്ഥാനം ആണ്. അദ്ദേഹത്തിന്റെ പേര് പലവട്ടം ചർച്ചകളിൽ വന്നെങ്കിലും ഇതുവരെ കെപിസിസി പ്രസിഡൻറ് സ്ഥാനം ലഭിച്ചിട്ടില്ല.
ഗ്രൂപ്പ് സമവാക്യവും മറ്റു നേതാക്കളുടെ കളികളുമാണ് കെ.സുധാകരന് ആ സ്ഥാനം ലഭിക്കാത്തതിന്റെ പ്രധാന കാരണം. ഇതിൽ അദ്ദേഹം ഏറെ ദുഃഖിതനുമാണ്.
നേതൃമാറ്റം എന്ന ആവശ്യമുന്നയിച്ചു കോൺഗ്രസിൽ കലാപം നടത്തിയിട്ടുള്ള കെ.സുധാകരൻ അപ്പോഴെല്ലാം ലക്ഷ്യംവച്ചതു കെപിസിസി പ്രസിഡൻറ് സ്ഥാനം ആണ്.
ഈ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴും സുധാകരൻ മനസിൽ കണ്ടതു കെപിസിസി പ്രസിഡൻറ് സ്ഥാനം ആണ്.
അടുക്കും അകലും
എന്നാൽ മുല്ലപ്പള്ളി മത്സരിക്കാതെ മാറിനിന്നതോടെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം വീണ്ടും അകലെയായി.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഹൈക്കമാൻഡും നിർബന്ധിച്ചപ്പോഴും പ്രതീക്ഷയിലായിരുന്നു കെ.സുധാകരൻ.
എന്നാൽ തന്ത്രപൂർവ്വം മുല്ലപ്പള്ളി മത്സരിക്കാതെ മാറിയതോടെ സുധാകരന്റെ കെപിസിസി പ്രസിഡൻറ് സ്ഥാനം എന്ന ആഗ്രഹം നടക്കാതെ പോയി.
അതിനുശേഷം പലതവണ നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു.
ഇതെല്ലാം മുല്ലപ്പള്ളിയെ ലക്ഷ്യം വച്ചായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിക്കുകയും കെപിസിസി പ്രസിഡൻറ് സ്ഥാനം സുധാകരന് ലഭിക്കുമെന്നുമാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.
മുല്ലപ്പള്ളി വലിഞ്ഞു
സുധാകരന്റെ ലക്ഷ്യം കെപിസിസി പ്രസിഡന്റ് സ്ഥാനം ആണെന്നു മനസിലാക്കിയ മുല്ലപ്പള്ളി തന്ത്രപൂർവം മാറി നിൽക്കുകയും തെരഞ്ഞെടുപ്പിൽ ധർമടത്തു മുഖ്യമന്ത്രിക്കെതിരേ സുധാകരനെ മത്സരിപ്പിക്കാൻ കരുക്കൾ നീക്കുകയുമായിരുന്നു.
സുധാകരൻ ധർമടത്തു മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്താൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് അറിയാവുന്ന മുല്ലപ്പള്ളി അനുകൂലികൾ സുധാകരനാകും സ്ഥാനാർഥിയെന്ന് വാർത്തകൾ പുറത്തുവിടുകയായിരുന്നുവെന്നാണ് സുധാകരനുമായി അടുപ്പമുള്ളവർ പറയുന്നത്.
ഹൈക്കമാൻഡിനെ ഉപയോഗിച്ചു മുല്ലപ്പള്ളിയും സംസ്ഥാന നേതൃത്വവും കടുത്ത സമ്മർദം ചെലുത്തിയെങ്കിലും കെണി തിരിച്ചറിഞ്ഞ കെ.സുധാകരൻ കണ്ണൂർ ഡിസിസിയെ മുന്നിൽ നിർത്തി മത്സരത്തിൽനിന്നു പിന്മാറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെങ്കിൽ ഉറപ്പായും സംസ്ഥാനത്തു കെപിസിസി പ്രസിഡന്റ് മാറണമെന്ന ആവശ്യം ഉയരും.
അപ്പോൾ സ്വാഭാവികമായും കെ.സുധാകരനെ കെപിസിസി പ്രസിഡൻറ് ആക്കണമെന്ന ആവശ്യം ശക്തമാകും.
ഇല്ലെങ്കിൽ കെ. സുധാകരന്റെ അനുയായികൾ ഈ ആവശ്യം ഉയർത്തുകയും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കുകയും ചെയ്യും. ഇതു മുന്നിൽ കണ്ട് തന്നെയാണ് കെ.സുധാകരൻ അനുയായികളുടെ നീക്കം.
അങ്ങനെ മത്സരിക്കാനാകുമോ?
ധർമടത്തു പിണറായി വിജയനെതിരേ മത്സരിച്ചു പരാജയപ്പെട്ടാൽ കെ.സുധാകരന്റെ രാഷ്ട്രീയ ഇമേജിനു അതു ദോഷകരമായി ബാധിക്കും.
കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തനാണ് പിണറായി വിജയനും കെ.സുധാകരനും. ഇവർ തമ്മിലുള്ള മത്സരം രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെയാണ് കാത്തിരുന്നത്.
ഇന്നലെ ഹൈക്കമാൻഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ളർ പലതവണ കെ.സുധാകരനോടു സംസാരിച്ചു.
ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാം എന്നു പറഞ്ഞു എം പി ഓഫീസിലേക്കു പോയ സുധാകരൻ അവിടെ തന്റെ അനുയായികളോട് വിശദമായി ഈ കാര്യത്തിൽ അതിൽ സംസാരിക്കുകയും വിജയസാധ്യത പരിശോധിക്കുകയും ചെയ്തു.
യാതൊരു തയാറെടുപ്പും ഇല്ലാതെ ധർമടം പോലെ സിപിഎമ്മിന്റെ ഉരുക്കുകോട്ടയിൽ മത്സരിക്കാൻ ഇറങ്ങിയാൽ വിജയ സാധ്യത തീരെ കുറവാണെന്ന കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം സുധാകരനെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചു.
ഇതിനുപുറമേ മത്സരത്തിൽ പരാജയപ്പെട്ടാൽ തന്റെ ചിരകാല സ്വപ്നമായ കെപിസിസി പ്രസിഡൻറ് സ്ഥാനത്തിനായി വീണ്ടും കാത്തിരിക്കേണ്ടിവരും. ഇതെല്ലാം മുന്നിൽ കണ്ട് തന്നെയാണ് ആണ് കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം.
ധർമടത്ത ു മുഖ്യമന്ത്രിക്കെതിരേ കരുത്തനായ സ്ഥാനാർഥി വരുമെന്ന് ആദ്യം മുതലേ ആവർത്തിച്ചു കൊണ്ടിരുന്ന സംസ്ഥാന നേതൃത്വം സുധകരനെയായിരുന്നു ലക്ഷ്യമാക്കയിരുന്നത്.
മത്സരരംഗത്തു കെ.സുധാകരനെ ഇറക്കിയാൽ തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് തത്ക്കാലം ഭീഷണി ഉണ്ടാവില്ല. വിജയിച്ചാൽ ഇരട്ട പദവി എന്ന കാര്യം ചൂണ്ടിക്കാട്ടി സുധാകരനെ മാറ്റിനിർത്താൻ ആകും.
പരാജയപ്പെട്ടാൽ അതു ചൂണ്ടിക്കാട്ടിയും മാറ്റി നിർത്താനാകും. സുധാകരന് ഈ തന്ത്രം തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല.
സുധാകരൻ സ്ഥാനാർഥിത്വത്തിൽനിന്നും ഒഴിവായതിനു പുറമേ തന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സി.രഘുനാഥിനെ കൊണ്ട് ധർമടം മണ്ഡലത്തിൽ നാമനിർദേശപത്രിക കൊടുപ്പിക്കുകയും ചെയ്തു.
ധർമടം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ ഇതുവരെ വരെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.രഘുനാഥ് മാത്രമാണ് ധർമടം മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഇനി പുതിയൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യതയും സമയവും വളരെ കുറവാണ്.
അതിനാൽ സി.രഘുനാഥ് തന്നെ പിണറായി വിജയനെതിരേ മത്സരിക്കും. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ സി.രഘുനാഥിനെ സ്ഥാനാർഥിയായി അംഗീകരിച്ച് ഇന്നു രാവിലെ കൈപ്പത്തി ചിഹ്നവും അനുവദിച്ചു.
വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരേ എതിരെ മത്സരിക്കാൻ നാമനിർദേശപത്രിക കൊടുത്തിട്ടുണ്ട്.
ഇവരെ യുഡിഎഫ് പിന്തുണയ്ക്കാനുള്ള നീക്കം നടന്നെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതിനോടു യോജിപ്പില്ലാത്തതു കാരണം നടന്നില്ല.
ധർമടം മണ്ഡലത്തിൽ മത്സരിക്കാൻ യുഡിഎഫ് കക്ഷിയായ ഫോർവേഡ് ബ്ലോക്കിനാണ് ആദ്യം സീറ്റ് നൽകിയത്.
ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജൻ മത്സരിക്കുമെന്നാണ് ആണ് ആദ്യം കോൺഗ്രസ് നേതൃത്വം അറിയിച്ചത്.
എന്നാൽ ദേശീയ തലത്തിൽ സിപിഎമ്മുമായി സഹകരിക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കേണ്ട എന്ന നിലപാട് ഫോർവേഡ് ഫോർവേഡ് ബ്ലോക്ക് ദേശീയ നേതൃത്വം സ്വീകരിച്ചു.
ഇതോടെയാണ് ദേവരാജൻ പിന്മാറിയതും സീറ്റ് കോൺഗ്രസിനു വിട്ടുകൊടുത്തതും.
അതേസമയം, പിണറായി വിജയൻ ആകട്ടെ മണ്ഡലത്തിലെ പ്രചാരണം രണ്ടുവട്ടം പൂർത്തിയാക്കിയശേഷം മറ്റ് മണ്ഡലങ്ങളിലെ പ്രചരണപരിപാടികൾക്കായി കണ്ണൂർ ജില്ല വിടുകയും ചെയ്തു.