കൊച്ചി: നാവികസേനയും കോസ്റ്റുഗാര്‍ഡും സംയുക്തമായി നടത്തിയ നീക്കത്തില്‍ എകെ 47 തോക്കുകളും വെടിയുണ്ടകളും ഹെറോയിനും പിടികൂടിയതു ശ്രീലങ്കന്‍ ബോട്ടുകളില്നിന്നെന്നു വിവരം.
കേന്ദ്രഭരണപ്രദേശമായ ലക്ഷദീപിലെ മിനിക്കോയി ദ്വീപിന് 90 നോട്ടിക്കല്‍ മൈല്‍ അകലെനിന്നാണ് ആയുധങ്ങള്‍ അടങ്ങിയ മൂന്നു ബോട്ടുകള്‍ ദ്വീപ് അധികൃതരുടെ സഹായത്തോടെ സേനകള്‍ പിടികൂടിയത്.
5 എകെ 47 തോക്കുകളും 1,000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനുമാണു പിടികൂടിയത്.
സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന്, ആയുധ വേട്ടയാണിത്.
കിലോയ്ക്ക് ഒരു കോടി രൂപ വിലയുണ്ട് ഈ മയക്കുമരുന്നതിന്. അങ്ങനെ വരുന്പോൾ 300 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് നടന്നിരിക്കുന്നത്.
പാക്കിസ്ഥാനില്‍നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറാന്‍ കാത്തുകിടക്കുന്നതിനിടെയാണു ബോട്ടുകള്‍ പിടികൂടിയതെന്നാണു സൂചന.
എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബോട്ടുകള്‍ കേരള തീരത്തോട് അടുപ്പിക്കുമോയെന്ന കാര്യത്തിലും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നു നാവികസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡോണിയര്‍ വിമാനം ഒരാഴ്ചയായി നിരീക്ഷിച്ച ഏഴ് ബോട്ടുകളില്‍ മൂന്നെണ്ണമാണു സംശയം തോന്നി കസ്റ്റഡിയിലെടുത്തതെന്നു നാവികസേന അറിയിച്ചു.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു നീക്കങ്ങള്‍. ഏതെങ്കിലും കരയിലെത്തിച്ചു നടത്തുന്ന അന്വേഷണങ്ങള്ക്കുശേഷമാകും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയെന്നും നാവികസേന അറിയിച്ചു.
ബോട്ടില്‍ എത്ര പേരുണ്ടെന്നോ ഇന്ത്യന്‍ പൗരന്മാര് തന്നെയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.
മറ്റു വിശദാംശങ്ങളും നാവികസേന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തില്‍ മിനിക്കോയി ദ്വീപിന് അടുത്തുനിന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയിരുന്നു.
തുടര്‍ച്ചയായി മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ തീരസംരക്ഷണ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.