ഹൈക്കോടതിയിലെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം, സംഭവത്തിനു സാക്ഷിയായ വനിതാ മാധ്യമപ്രവര്‍ത്തകയുടെ പോസ്റ്റ് വൈറലാകുന്നു

adv media peoplesകഴിഞ്ഞ രണ്ടുദിവസമായി ഹൈക്കോടതിയില്‍ അഭിഭാഷകര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്ന മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തേജസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായ ഷബ്‌ന സിയാദാണ്് കഴിഞ്ഞദിവസം അഭിഭഷകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങള്‍ വിവരിച്ചത്. ഷബ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്.

ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ക്കെതിരായ വാര്‍ത്ത സംബന്ധിച്ച പ്രശ്‌നമാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായിരുന്നത്. 20 ാം തിയിതിയുണ്ടായ പ്രശ്‌നങ്ങള്‍ അന്നു തന്നെ അവസാനിച്ചെന്ന പ്രതീക്ഷയിലാണ് സാധാരണപോലെ 21 ന് ഉച്ചയ്ക്ക് 1.30 ന് ഞങ്ങള്‍ ഹൈക്കോടതി മീഡിയാ റൂമിലെത്തിയത്. ഹൈക്കോടതിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയിലാണ് മീഡിയാ റൂമിന്റെ താക്കോല്‍ സൂക്ഷിക്കുന്നത്. ഞങ്ങള്‍ എത്തിയതിനെ തുടര്‍ന്ന് കോടതി ജീവനക്കാരന്‍ മീഡിയാ റൂം തുറന്ന് തന്നു. അല്‍പ സമയം അവിടെ ഇരുന്നതിന് ശേഷം വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി പുറത്തേക്കിറങ്ങി. ഉടന്‍ വലിയ ആക്രോശത്തില്‍ കുറെയധികം അഭിഭാഷകര്‍ മീഡിയാ റൂമിലെത്തി. അവര്‍ വാതിലുകള്‍ ചവിട്ട് തുറന്നും കസേരകള്‍ എടുത്തടിച്ചും ബഹളമുണ്ടാക്കി. ഈ സമയം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമം ലേഖകന്‍ പി എ സുബൈര്‍, മെട്രോവാര്‍ത്ത ലേഖകന്‍ എം ആര്‍ സി പണിക്കര്‍, കേരള കൗമുദി ലേഖകന്‍ അഭിലാഷ് എന്നിവര്‍ പല വഴിക്കായി ഓടി പോകുന്നത് കണ്ടു.

വനിതാ മാധ്യമപ്രവര്‍ത്തകരായ മാത്യഭൂമി ലേഖിക എ എം പ്രതീ, മലയാള മനോരമ ലേഖിക റോസമ്മ ചാക്കോ, തേജസ് ലേഖിക ഷബ്‌ന സിയാദ് എന്ന ഞാനും മീഡിയാ റൂമിനടുത്തുള്ള ലിഫ്റ്റ് കാത്ത് നില്‍ക്കുകയായിരുന്നു. മീഡിയാ റൂം പൂട്ടണമെന്നും കോടതിക്കകത്ത് കയറിയ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ അട്ടഹസിച്ചു. ഇതിനിടെ വനിതകളായ ഞങ്ങളെ ശ്രദ്ധയില്‍പെട്ടതോടെ അഭിഭാഷകര്‍ ‘ മീഡിയാ ഗോ ബാക്ക് ‘ എന്നാക്രോശിച്ച് ഓടിയെത്തി. ഞങ്ങള്‍ മൂന്നു പേരും കൈകള്‍ കോര്‍ത്തുപിടിച്ച് നിന്നു. ഞങ്ങളുടെ കൈകള്‍ക്കിടയിലൂടെ ഒരാള്‍ ഇടിച്ച് കയറി ,ചെവിയില്‍ കൂവി അസഭ്യവാക്കുകള്‍ വിളിച്ചു പറഞ്ഞു. അഭ്ിഭാഷകരുടെ തള്ളികയറലില്‍ ക്യത്രിമ കാല്‍ ഉപയോഗിച്ച് നടക്കുന്ന മാത്യഭൂമിയിലെ ലേഖികകയായ എ എം പ്രതീ താഴെ വീഴാന്‍ പോയി. തൊട്ടടുത്തുണ്ടായിരുന്ന തൂണില്‍ പിടിച്ചതാണ് രക്ഷയായത്. അപ്പോഴേക്കും പോലിസുകാര്‍ ഞങ്ങള്‍ക്ക് ചുറ്റും വളഞ്ഞു.

അഭിഭാഷക അസോസിയേഷനിലെ തന്നെ വനിതാ അഭിഭാഷകരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നും ഇത് ഞങ്ങളുടെ ജോലിയാണെന്നും അറിയിച്ചപ്പോള്‍ ” അവര്‍ വൈലന്റാണെന്നും എല്ലാത്തിലും നല്ലതും ചീത്തയുമില്ലേയെന്നും നിങ്ങള്‍ തല്‍കാലും പോകണമെന്നും ” അവര്‍ പറഞ്ഞു. തുടര്‍ന്ന് ഞഞങ്ങളോട് നാലാം നിലയിലുള്ള രജിസ്ട്രാറുടെ മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. പോലിസ് അകമ്പടിയോടെ രജിസ്ട്രാറെ കാണാന്‍ പോകുന്നതിനായി ലിഫ്റ്റിനടുത്തെത്തി. കാല്‍ സുഖമില്ലാത്ത വ്യക്തി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നതുകൊണ്ടാണ് ലിഫ്റ്റ് പ്രതീക്ഷിച്ച് നിന്നത്. എന്നാല്‍ മീഡിയക്കാരെ ലിഫ്റ്റില്‍ കയറ്റില്ലെന്നും കയറിയാല്‍ ചവിട്ടുമെന്നും അഭിഭാഷകര്‍ അറിയിച്ചതോടെ നാലു നിലയും ഞങ്ങള്‍ പടികള്‍ ചവിട്ട് കയറി. മാത്യുഭൂമി ലേഖികയുമായി പടികള്‍ കയറുമ്പോള്‍ വലിയ മാനസിക സംഘര്‍ഷമാണ് ഞങ്ങള്‍ അനുഭവിച്ചത്. ഞങ്ങളെ അക്രമിക്കാന്‍ പുറകെ അഭിഭാഷകരെത്തുമോയെന്ന് ഭയന്നാണ് നടന്നത്. രജിസ്ട്രാറെ മുറിയെലെത്തിയപ്പോഴേക്കും കോടതിക്ക് പുറത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചു. പിന്നീട് രജിസ്ട്രാറുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഞങ്ങളെയും അക്രമിക്കുമെന്ന് ഭയന്ന് അവിടെത്തന്നെ ഇരുന്നു. വൈകിട്ട് അഞ്ചര വരെ പോലിസ് അകമ്പടിയോടെ ഞങ്ങള്‍ കോടതിക്കുള്ളില്‍ കഴിച്ചു കൂട്ടി. ഇതിനിടെ ടോയ്‌ലെറ്റില്‍ പോകാനോ വെള്ളം പോലും കുടിക്കാനോ ഞങ്ങള്‍ക്കായില്ല. പിന്നീട് കോടതിക്ക് പിന്‍വശത്തുകൂടി പോലിസിന്റെ സഹായത്താല്‍ പഴയ കോടതി കെട്ടിടത്തിനുള്ളിലൂടെ ഓട്ടോറിക്ഷയിലാണ് ഞങ്ങള്‍ പുറത്ത് കടന്നത്.

Related posts