ജനുവരി 16 മുതൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ കൊടുത്തുതുടങ്ങി. അതോടെ വാക്സിനെപ്പറ്റി ഏറെ സംശയങ്ങളും ദുരൂഹതകളും ചർച്ചാവിഷയമാകുകയും ചെയ്തു.
വാക്സിൻ പ്രയോജനരഹിതമാണെന്നും അതെടുത്താൽ കോവിഡ് രോഗം തന്നെ വരുമെന്നും വാക്സിനേഷന്റെ പാർശ്വഫലങ്ങൾ അപകടകരമാണെന്നും മറ്റുമുള്ള ഒട്ടേറെ സംശയങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. പലരിലും വാക്സിനേഷനെ സംബന്ധിച്ച ഭയവും ആശങ്കയും ഇപ്പോഴും നിലനിൽക്കുന്നു.
കുത്തിവയ്പിനു ശേഷം
ആദ്യത്തെ ഡോസ് വാക്സിനേഷൻ കഴിഞ്ഞ 5,396 പേരെ ഉൾ പ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം നടത്തിയ ബൃഹത്തായ പഠനത്തിൽ കുത്തിവയ്പിനെ സംബന്ധിക്കുന്ന ഒട്ടേറെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. പാർശ്വഫലങ്ങളുടെ കാര്യത്തിലാണു പലരും ഭയപ്പെട്ടത്.
പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലാണു കുത്തിവയ്പിനു ശേഷമുള്ള അസ്വസ്ഥതകൾ കൂടുതലായുണ്ടായത്. 30 വയസിൽ താഴെയുള്ള 81 ശതമാനം പേരിൽ അസ്വസ്ഥത ഉണ്ടായപ്പോൾ എഴുപതുവയസുകഴിഞ്ഞ 31 ശതമാനം പേർക്കു മാത്രമേ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായുള്ളു.
ആരിലും അപകടകരമായ ഒരസ്വസ്ഥതയും ഉണ്ടായില്ല. വാക്സിനെടുത്തശേഷം 80 ശതമാനം പേരിലും ക്ഷീണം, നേരിയ പനി, ശരീരവേദന, ക്ഷീണം, വാക്സിനെടുത്തഭാഗത്തെ നേരിയ നീര് എന്നിവ ഉണ്ടായി. ഈ ലക്ഷണങ്ങൾ എല്ലാംതന്നെ സഹിക്കാവുന്നവമാത്രം,
പ്രത്യേകിച്ചൊരു ചികിത്സയും വേണ്ടിവന്നില്ല. ചിലർ ഒന്നോ രണ്ടോ പാരസെറ്റമോൾ ഗുളികകൾ കഴിച്ചപ്പോൾ അസ്വസ്ഥതകൾക്കു ശമനം ലഭിച്ചു. ഈ പഠനത്തിൽ പങ്കെടുത്ത 5396 പേരിൽ 947 പേർ അറുപതു വയസിനു മുകളിൽ പ്രായമുള്ളവരാണ്. ആർക്കും കാര്യമായ ഒരു പാർശ്വഫലവും ഉണ്ടായില്ല. മാത്രമല്ല, പ്രായമേറിയവരിലാണു വാക്സിനേഷന്റെ പാർശ്വഫലങ്ങൾ ലഘുവായി കണ്ടത്.
ആകെ 20 ശതമാനം പേർക്കു മാത്രമാണ് കുത്തിവയ്പിന്റെ പിറ്റേ ദിവസം ജോലിബുദ്ധിമുട്ടായി തോന്നിയത്. കൂടുതലും സ്ത്രീകൾക്ക് ഈ അനുഭവമുണ്ടായി. എന്നാൽ ഇത് താത്കാലികം മാത്രമായിരുന്നു. അതുപോലെ നേരത്തെ കോവിഡ് ബാധിച്ചവരിലും പറയത്തക്ക യാതൊരു പരാധീനതകളും ഉണ്ടായില്ല.
വീണ്ടും രോഗം വരുമോ?
ഒരിക്കൽ കോവിഡ് പോസിറ്റീവായാൽ മൂന്നുമാസം വരെ ശരീരത്തിനു വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകും. അതു കഴിഞ്ഞാൽ വാക്സിനെടുക്കുകതന്നെവേണം. വാക്സിനെടുത്തവരിൽ രോഗം വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ടോ? 85 ശതമാനം വരെ സാധ്യതയില്ലെന്നു പറയാം.
എന്നാൽ, വൈറസ് ലോഡ് കൂടുതലുള്ള ആൾക്കൂട്ടങ്ങളിൽ ചെന്നുപെട്ടാൽ രോഗസംക്രമണം ഉണ്ടാകാം. പക്ഷേ, തീവ്രത കുറഞ്ഞിരിക്കും അതുകൊണ്ടാണ് മുഖാവരണവും സാമൂഹിക അകലവും കൈകഴുകലുമൊക്കെ തുടരണമെന്നു നിഷ്കർഷിക്കുന്നത്.
സാധാരണഗതിയിൽ 18 വയസിനു താഴെയുള്ളവരും ഗർഭിണികളും മുലയൂട്ടുന്നവരും വാക്സിനെടുക്കാൻ പാടില്ല. കടുത്ത അലർജിയുള്ളവർ വൈദ്യനിർദേശപ്രകാരം മാത്രം വാക്സിനെടുക്കാം.
രോഗം തീവ്രമാണെങ്കിൽ
ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, രക്താതിമർദം, വൃക്കരോഗം തുടങ്ങിയവയുള്ളവർക്കു സാധാരണ ഗതിയിൽ വാക്സിനെടുക്കാൻ ഒരു തടസവുമില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്കും ഇതു ബാധകം. രോഗം തീവ്രമാണെങ്കിൽ മാത്രം വൈദ്യനിർദേശം തേടുക.
നേരിയ പനിയും തലവേദനയും പേശി വേദനയും ഒക്കെ “വാക്സിൻ ഇഫക്ട്’ആണ്. വെറുതെ ആശങ്കപ്പെടേണ്ട. വാക്സിനെടുത്തശേഷം ധാരാളം വെള്ളം കുടിക്കുക, ദീർഘനേരം ഉറങ്ങുക. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ വീണ്ടും വ്യാപിക്കാൻ സാധ്യതയുള്ളതുകൊണ്ടു പ്രതിരോധ നടപടികൾ പാലിക്കുക.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം