കൊച്ചി: തെരഞ്ഞെടുപ്പാണെങ്കിലും കോവിഡ് ആയതു കൊണ്ട് മധ്യകേരളത്തിലെ ഒരു സ്ഥാനാര്‍ഥി ഫ്രീയായി കിട്ടുന്ന കോവിഡ് വാക്സിന് എടുക്കാന്‍ തീരുമാനിച്ചു.
സ്ഥാനാര്‍ഥികള്‍ക്കു വരെ കോവിഡ് വരുന്ന കാലമായതുകൊണ്ട് ജയിച്ചാലും തോറ്റാലും കോവിഡ് വാക്സിന് എടുക്കണം.
ഫ്രീയായി കിട്ടുന്ന വാക്സിന് വെറുതെ കളയേണ്ടന്നുംതീരുമാനിച്ചു. ഏതായാലും നമ്മുടെ സര്‍ക്കാരിന്റെ കൊണ്ടു ഗുണം കിട്ടുമ്പോള്‍ നമ്മളായിട്ടെന്തിനു കളയുന്നു.
എതിര്‍സ്ഥാനാര്‍ഥി കളത്തിലിറങ്ങുന്നതിനു മുമ്പു ആരും കാണുന്ന വിധം കൂറ്റന്‍ഫ്ളക്സ് ബോര്‍ഡുകള്‍ വയ്ക്കുകയും എന്നും രാവിലെ അതിന്റെ ചുവട്ടിലിരുന്നു മുകളിലേക്കു നോക്കുകയും ചെയ്തു സായൂജ്യമടയുന്ന സ്ഥാനാര്‍ഥി പോസ്റ്ററുകള്‍ നോക്കി വോട്ട് എണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു.
കോവിഡ് വാക്സിന് എടുക്കാന്‍ പേടിയായിരുന്നുവെങ്കിലും കോവിഡ് പിടിച്ചാല്‍ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന ഭയമാണ് വാക്സിന് എടുക്കാന്‍ തീരുമാനിച്ചത്.
രാവിലെ തന്നെ കുളിച്ചൊരുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങുന്നതിനു മുമ്പു തന്നെ ഡോക്ടറേ വിളിച്ചു.
കോവിഡ് വാക്സിന് എടുക്കാന്‍ എപ്പോള്‍ വരണമെന്നാണ് ചോദ്യം. ഇങ്ങോട്ടു പോരേ കുത്തുന്നകാര്യം ഏറ്റു.
ഏതായാലും വോട്ടും വാകസിനും കുത്തണമെന്നു പറഞ്ഞു സ്ഥാനാര്‍ഥി കാറില്‍ ആശുപത്രിയിലേക്ക്. കുറച്ചു പേരുണ്ടായിരുന്നതു കൊണ്ടു അഞ്ചുമിനിട്ട് കാത്തിരുന്നു.
ഈ സമയത്തും അടുത്തിരുന്നവരോട് വോട്ട് ചോദിക്കാന്‍ മെനക്കെട്ടില്ല. എന്തിന് ചോദിക്കണം. ഇവരെല്ലാം നമ്മുടെ വാര്‍ഡിലുള്ളവരാണ്. എനിക്ക് തന്നെ കുത്തും. ഡോക്ടര്‍ വന്നു എല്ലാ പരിശോധനയും നടത്തി.
മുറിയിലേക്ക് വിളിപ്പിച്ചു. പരിചയമില്ലാത്ത നഴ്സ് കുത്തിവയ്പ് എടുത്തു. സ്ഥാനാര്‍ഥിക്ക് സന്തോഷം.
ഒരു ഇറുമ്പ് കടിക്കുന്ന വേദന പോലുമില്ല. ഇതിനാണോ എല്ലാവരും പേടിക്കുന്നത്. ഏതായാലും സ്ഥാനാര്‍ഥി യാത്രയായി.
അഞ്ചു മിനിട്ട് മാത്രമേ കാറിലിരുന്നുള്ളൂ. അടുത്ത പ്രചാരണ സ്ഥലത്തേക്കുള്ള കുതിപ്പാണ്. അനൗണ്‍സ്മെന്റ് വാഹനം സ്ഥാനാര്‍ഥിയുടെ വരവ് അറിയിച്ചു മുന്നിലുണ്ട്. പെട്ടെന്നു സ്ഥാനാര്‍ഥിക്ക് അസ്വസ്ഥത ആരംഭിച്ചു. കണ്ണില്‍ ഒരു മൂടല്‍. കണ്ണ് കാണുന്നില്ല.
കാറിലിരുന്നുകൈവീശാന് പറ്റുന്നില്ല. കുത്തിവയ്പിന്റെ ആണോ എന്ന സംശയം ബലപ്പെടുന്നു. കണ്ണില്‍ ഇരുട്ടുകയറി, ശരീരം വിയര്‍ത്തു. ആകെ അസ്വസ്ഥത. കൂടെയുള്ള നേതാവ് ഡോക്ടറിനെ വിളിച്ചു.
തിരിച്ചുവരാന്‍ ഡോക്ടറിന്റെ നിര്‍ദേശം. വേഗം കാറു തിരിച്ചു. ഇതൊന്നും അറിയാതെ അപ്പോഴും അനൗണ്‍സ്മെന്റ് വാഹനം മുന്നോട്ട് ഓടി കൊണ്ടിരുന്നു.
ആശുപത്രിയിലെത്തി ഡോക്ടര്‍ പരിശോധിച്ചു. ബിപി, ഷുഗര്‍ എല്ലാം നോര്‍മല്‍. ഒരു പ്രശ്നവുമില്ല. ഡോക്ടറിനു കണ്ഫ്യൂഷന്.
അപ്പോഴാണ് കുത്തിവയ്പ് മുറിയില്‍ നിന്നും നഴ്സ് ഇറങ്ങി വരുന്നത്. സ്ഥാനാര്‍ഥിയെ കണ്ടപ്പോള്‍ വലിയൊരു ആശ്വാസം കണ്ടതു പോലെ ഓടി വന്നിട്ടു നഴ്സ് പറഞ്ഞു,
സാറേ എന്റെ കണ്ണാടി താ. കുത്തിവയ്പിനിടയില് കണ്ണാടി മാറി പോയ കാര്യം പാവം സ്ഥാനാര്‍ഥി അറിഞ്ഞില്ല. നഴ്സിന്റെ സോഡ കണ്ണട വച്ചാണ് ഇത്രയും നേരം സ്ഥാനാര്‍ഥി ഇരുന്നത്.