കോട്ടയം: കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റുകളിലും ഒരേ ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ, തെങ്ങിൻകൂട്ടം, ഫുട്ബോൾ എന്നി മൂന്നു ചിഹ്നങ്ങളാണു മുൻഗണനാ പ്രകാരം അപേക്ഷിച്ചിച്ചത്.
ഇന്നലെ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ നേതൃസമിതി ചേർന്നാണ് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ഒന്നാമതായി കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീച്ചിരിക്കുന്നത്.
അതേ സമയം ചങ്ങനാശേരിയിലെ ജോസഫ് വിഭാഗം സ്ഥാനാർഥി വി.ജെ. ലാലിക്ക് ട്രാക്്ടർ ചിഹ്നം ലഭിക്കണമെങ്കിൽ നറുക്കെടപ്പ് വേണ്ടി വരും ഇവിടുത്തെ ഐസിഎസ്പി സ്ഥാനാർഥി ബേബിച്ചൻ മുക്കാടൻ ട്രാക്്ടർ ചിഹ്നം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതാണ് നറുക്കെടുപ്പ് വേണ്ടിവന്നിരിക്കുന്നത്.ചങ്ങനാശേരി ഒഴികെ ബാക്കി മണ്ഡലങ്ങളിൽ ട്രാക്ടറിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.
ഇതിനാൽ മറ്റു സ്ഥലങ്ങളിൽ ട്രാക്്ടർ ചിഹ്നം ലഭിച്ചേക്കും.തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ടയായിരുന്നു ജോസഫിന് ലഭിച്ചത്. എന്നാൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചെണ്ട ചിഹ്നം ഇല്ലാത്ത സാഹചര്യമുണ്ട്.
ചിഹ്നത്തിൽ തനിയാവർത്തനം
പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് എം ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം കിട്ടാതെ വന്ന സാഹചര്യത്തിന്റെ ആവർത്തനം. 2019 പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാതെ വന്ന അതേ സാഹചര്യമാണ് ജോസഫ് വിഭാഗം ഇപ്പോൾ നേരിടുന്നത്.
ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തെച്ചൊല്ലി പാർട്ടിയിൽ ഉയർന്ന തർക്കത്തിനൊടുവിൽ കൈതച്ചക്കയാണ് ജോസ് ടോമിന് ലഭിച്ചത്. പത്രികാ സൂക്ഷ്മപരിശോധനാ വേളയിൽ ഉയർന്ന തർക്കത്തിനൊടുവിലാണ് സ്വതന്ത്രനായി മത്സരിച്ചത്. തന്റെ ചിഹ്നം കെ.എം. മാണിയാണെന്ന് തെരഞ്ഞെടുപ്പിനു മുൻപ് ജോസ് ടോം പ്രഖ്യാപിക്കുകയും ചെയ്തു.