മുടി വെട്ടുന്നതിനും മുഖം മിനുക്കുന്നതിനുമൊക്കെ ആധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളുമൊരുക്കി ആളുകളെ ആകർഷിക്കുന്നതു പലപ്പോഴും വാർത്തകളാകാറുണ്ട്.
ഇവിടെ ഒരു ബാർബർ തികച്ചും വ്യത്യസ്തനായി നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. അവിടുത്ത സ്പെഷൽ സംവിധാനങ്ങളൊക്കെ കേട്ടാൽ പോകാൻ നിങ്ങളുമൊന്ന് അമാന്തിക്കും. ആളുന്ന തീ, ചുറ്റികയ്ക്ക് അടി, പൊട്ടിയ ചില്ല് തുടങ്ങിയവയൊക്കെയാണ് ഈ ബാർബറുടെ പ്രധാന ടൂൾസ്!
കത്തിക്കും… ചുറ്റികകൊണ്ട് അടിക്കും… പൊട്ടിയ ചില്ലുകൊണ്ടു സ്റ്റൈലാക്കും. ഒരു ബാർബർ തന്റെ അടുത്തു മുടുവെട്ടാൻ വരുന്നവരുടെ തലയിൽ ചെയ്യുന്നതാണിതൊക്കെ. പേടിക്കാനൊന്നുമില്ല.
പാക്കിസ്ഥാനിലെ വ്യത്യസ്തനായൊരു ബാർബറിന്റെ വ്യത്യസ്തമായ മുടിവെട്ടൽ രീതിയാണിത്. പാക്കിസ്ഥാനിലെ ലാഹോറിലുള്ള അലി അബ്ബാസ് എന്ന ബാർബറും വ്യത്യസ്ത മുടിവെട്ടൽ രീതിയും എന്തായാലും വൈറലാണ്.
എങ്ങനെ വ്യത്യസ്തനായൊരു ബാർബറാകാം എന്ന ചിന്തയിൽ നിന്നുമാണ് ഈ തീക്കളിയിലേക്ക് എത്തിയതെന്നാണ് അലി പറയുന്നത്. ആദ്യം പേടി തോന്നുമെങ്കിലും അലിയുടെ അടുത്തു മുടി വെട്ടാനെത്തുന്നവരെല്ലാം നന്നായി ആസ്വദിക്കുന്നുണ്ട് ഈ വൈറൽ കട്ട്.