അജിത് മാത്യു
മാനന്തവാടി: സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുന്പേ പ്രചാരണ ആവേശം കൊടുമുടി കയറിയ മാനന്തവാടിയിൽ ഇത്തവണ പോരാട്ടം കനക്കും.
സിറ്റിംഗ് എംഎൽഎ ഒ.ആർ. കേളു എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നും മുൻ മന്ത്രിയും എഐസിസി അംഗവുമായ പി.കെ. ജയലക്ഷ്മി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നും ഉറപ്പായതോടെയാണ് പ്രചാരണം ആഴ്ചകൾക്കു മുന്പേ ആവേശത്തിലായത്.
എന്നാൽ എൻഡിഎ പ്രഖ്യാപിച്ച സ്ഥാനാർഥി പിൻമാറിയതും മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകിയതും എൻഡിഎക്ക് തിരിച്ചടിയായി.
പ്രഖ്യാപനം എത്തുംമുന്പേ എൽഡിഎഫ്,യുഡിഎഫ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണത്തിൽ സജീവമായിരുന്നു.
സ്ഥാനാർഥിപ്രഖ്യാപനം എത്തിയതോടെ ആവേശം അണികൾ ഏറ്റെടുത്തു. പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് ഇരുവരും.
രാവിലെ തുടങ്ങി രാത്രി വൈകിയും പ്രചാരണരംഗത്ത് സജീവമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെത്തി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടതോടെ എൽഡിഎഫ് ക്യാന്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
യുഡിഎഫ് സ്ഥാനാർഥിയെക്കാളും രണ്ടു ദിവസംമുന്പ് പ്രചാരണം ആരംഭിച്ച ഒ.ആർ. കേളു മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരുവട്ടം പ്രചാരണം പൂർത്തിയാക്കി.
യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിന് ഇറങ്ങുന്നതിനു മുന്പേ വിവാദങ്ങളും തലപൊക്കിയിരുന്നു. സ്ഥാനാർഥിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിന് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് അവർ.
പ്രാദേശികമായുണ്ടായിരുന്ന പ്രശ്നങ്ങൾ നേരത്തെ പരിഹരിച്ച് മാനന്തവാടിയിൽ യുഡിഎഫ് ഒറ്റക്കെട്ടായാണ് ഇത്തവണ പ്രചാരണം.
യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ പ്രചാരണ പരിപാടികളുമായി മുന്നേറുന്പോൾ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പിൻമാറിയതിന്റെ ക്ഷീണത്തിലാണ് എൻഡിഎ.
പണിയ വിഭാഗത്തിൽനിന്നുള്ള ആദ്യ എംബിഎ ബിരുദധാരിയും എടവക സ്വദേശിയുമായ സി. മണികണ്ഠനെയാണ് ആദ്യം പ്രഖ്യാപിച്ചത്.
എന്നാൽ പ്രഖ്യാപനത്തിനു ശേഷം ഉടൻതന്നെ താൻ മത്സരിക്കാനില്ലെന്നും തന്റെ സമ്മതമില്ലാതെയാണ് പ്രഖ്യാപനം ഉണ്ടായതെന്നും അറിയിച്ച് മണികണ്ഠൻ സമൂഹമാധ്യമങ്ങളിൽ വിശദീകരണം നടത്തിയതോടെ എൻഡിഎ വെട്ടിലാവുകയായിരുന്നു.
തുടർന്ന് സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വത്തിലായ ബിജെപി ബുധനാഴ്ച വൈകിട്ടോടെയാണ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
നിയോജകമണ്ഡലത്തിലെ പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദനാണ് എൻഡിഎ സ്ഥാനാർഥി. കണിയാന്പറ്റ സ്വദേശിയാണ് മുകുന്ദൻ.
ബിജെപി കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മണ്ഡലം കണ്വൻഷനോപ്പം പഞ്ചായത്തുതല കണ്വൻഷനുകളും സംഘടിപ്പിച്ച് പ്രചാരണത്തിൽ മറ്റ് മുന്നണികൾക്കൊപ്പം എത്താനാണ് എൻഡിഎ യുടെ ശ്രമം.
അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ടഭ്യർഥിക്കാനാണ് ഒ.ആർ. കേളു ഇറങ്ങുന്നത്. ഇതിനായി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ ചിത്രീകരിച്ചുകൊണ്ടുള്ള വിഡിയോയും കഴിഞ്ഞദിവസം പുറത്തിറക്കി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 3756 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റവും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ മാറ്റങ്ങളും വോട്ടായി മാറുമെന്നാണ് യുഡിഎഫ് കരുതുന്നത്.
കഴിഞ്ഞതവണ പാർട്ടിക്കുള്ളിൽ ഉണ്ടായ പിണക്കങ്ങളും കുപ്രചാരണങ്ങളും പി.കെ. ജയലക്ഷമിയുടെ തോൽവിക്ക് കാരണമായിരുന്നു. വോട്ടുവിഹിതം വർധിപ്പിച്ച് ശക്തമായ പോരാട്ടം കാഴ്ചവക്കാനാണ് എൻഡിഎയും ശ്രമിക്കുക.