തൊടുപുഴ: ജില്ലയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനെത്തി.
സംസ്ഥാന ഇലക്ഷൻ വിഭാഗം ആവിഷ്കരിച്ചിട്ടുള്ള ഏറ്റവും പുതിയ ഡിജിറ്റൽ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് സാൻബോട്ട് എന്ന പേരിലുള്ള രണ്ട് ഇൻകർ റോബോട്ടുകളെ രംഗത്തിറക്കിയത്.
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, ജില്ലാ കളക്ടറേറ്റ്, കട്ടപ്പന ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജില്ലാ ഇലക്ഷൻ വിഭാഗം നടത്തുന്ന സ്വീപ് പരിപാടിയുടെ ഭാഗമായി റോബോട്ടിനെ അവതരിപ്പിച്ചു.
വോട്ടർമാരുമായി ഇലക്ഷന്റെ പ്രാധാന്യത്തെകുറിച്ച് റോബോട്ട് സംവദിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുന്ന വോട്ടർമാരുമായി ഇംഗ്ലീഷിലാണ് റോബോട്ട് സംവദിക്കുക.
ജില്ലാ ആസ്ഥാനത്ത് കളക്ടർ എച്ച്.ദിനേശൻ, അസി. കളക്ടറും സ്വീപ് നോഡൽഓഫീസറുമായ സൂരജ് ഷാജി എന്നിവരുമായും റോബോട്ട് സംസാരിച്ചു.
ജില്ലയിലെ എല്ലാവിഭാഗം ആളുകളെയും പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലയിൽ റോബോട്ടിനെ ഉപയോഗിച്ച് ബോധവത്കരണം സംഘടിപ്പിച്ചതെന്ന് കളക്ടർ പറഞ്ഞു.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടത്തിയ ബോധവത്കരണ പരിപാടി തഹസിൽദാർ കെ.എം. ജോസുകുട്ടിയും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ഹുസൂർ ശിരസ്തദാർ മിനി കെ. ജോണും ഉദ്ഘാടനം ചെയ്തു.