സ്വന്തം ലേഖകൻ
ചേലക്കര: പതിനഞ്ചു ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്നുമെല്ലാം ചിലർ വാഗ്ദാനം നൽകിയതുപോലെയല്ല എൽഡിഎഫിന്റെ പ്രകടന പത്രികയെന്നു വെറും വാഗ്ദാനമല്ല, നടപ്പാക്കാനുള്ളതാണെന്നുംഎൽഡിഎഫിന്റെ പ്രകടന പത്രികയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
എൽഡിഎഫ് പ്രകടന പത്രിക വെറും വാഗ്ദാനമല്ല, നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകമെങ്ങും കോവിഡ് മരണം അടക്കമുള്ള മരണങ്ങൾ വർധിച്ചുവരികയാണെങ്കിലും കേരളത്തിൽ മരണനിരക്ക് കുറഞ്ഞു.
2019ൽ കേരളത്തിൽ 2.65 ലക്ഷം പേരാണു മരിച്ചതെങ്കിൽ 2020 ൽ 2.34 ലക്ഷം പേരാണു മരിച്ചത്. 79,365 മരണം കുറഞ്ഞു. ആരോഗ്യ സംരക്ഷണ രംഗത്ത് അഭിമാനകരമായ നേട്ടമാണ്. അത്രയേറെ ജീവനുകൾ രക്ഷിക്കാനായി.
കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എല്ലാവർക്കും കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കും.
കേരളത്തിൽ കോവിഡ് വ്യാപനം കുറയുകയാണെങ്കിലും അയൽസംസ്ഥാനങ്ങളിൽ കൂടുകയാണ്. അതിനാൽ കേരളത്തിലുള്ളവരും ജാഗ്രത പാലിക്കണം. സംസ്ഥാനങ്ങളുടെ അതിർത്തി അടയ്ക്കുന്നതു ശരിയല്ല.
ആലപ്പുഴയിലെ പുന്നപ്ര – വയലാറിൽ ബിജെപിക്കാരൻ പ്രകോപനം സൃഷ്ടിച്ച് അക്രമങ്ങളുണ്ടാക്കാനാണ് ശ്രമിച്ചത്.
കമ്യൂണിസ്റ്റുകാരുടെ വൈകാരിക കേന്ദ്രത്തിൽ അതിക്രമിച്ചുകയറി പൂക്കൾ വലിച്ചെറിഞ്ഞ് അധിക്ഷേപിക്കാനാണു ശ്രമിച്ചത്. അവിടെയുള്ള ആളുകൾ സംയമനം പാലിച്ചു.
അതിന് അവരെ അഭിനന്ദിക്കുകയാണ്. നാട്ടിൽ പ്രകോപനമുണ്ടാക്കാനുള്ള ശ്രമം ഇനിയും ഉണ്ടാകുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ക്ഷേമ പെൻഷൻ 2,500 രൂപയാക്കും, മിനിമം കൂലി 700 രൂപയാക്കും തുടങ്ങിയ എൽഡിഎഫ് പ്രകടനപത്രികയിലെ വിശദാംശങ്ങൾ പിണറായി ആവർത്തിച്ചു.
അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷം കുടുംബങ്ങൾക്കുകൂടി വീടു നൽകും. തീരദേശ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്കാണ്.
അഞ്ചു വർഷത്തിനിടെ അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും. കൊച്ചി- പാലക്കാട് വ്യവസായ ഇടനാഴി, കൊച്ചി- മംഗലാപുരം ഇടനാഴി, തിരുവനന്തപുരം ക്യാപിറ്റൽ സിറ്റി പദ്ധതി എന്നിവ നടപ്പാക്കും-മുഖ്യമന്ത്രി വ്യ ക്തമാക്കി.