ജോര്‍ജ് കള്ളിവയലില്‍
ന്യൂഡൽഹി: വ്യക്തികളുടെ വിശ്വാസവും അതിനുള്ള അവകാശവും പൂര്‍ണമായി സംരക്ഷിക്കുന്നതില്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ജനകീയ പ്രശ്നങ്ങളില്‍നിന്നും കേരള സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചു മുതലെടുപ്പു നടത്താനാണു കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു ശബരിമലയുടെ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് ദീപികയ്ക്കു നല്കിയ പ്രത്യേക അഭിമുഖത്തില്‍ യെച്ചൂരി കുറ്റപ്പെടുത്തി.
ബിജെപിയും കോണ്‍ഗ്രസും ഒരേ ഭാഷയാണു സംസാരിക്കുന്നതെന്നും എല്‍ഡിഎഫിനെ തകര്‍ക്കാനായി അവര്‍ ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ആരോപിച്ചു.
കോണ്‍ഗ്രസിന്റെ സഹായം കിട്ടിയെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയോടെ സത്യം ജനം തിരിച്ചറിയും.
മുമ്പും ബിജെപിയുമായി കോണ്‍ഗ്രസ് കച്ചവടം നടത്തിയിട്ടുണ്ട്. ബിജെപിക്കെതിരേയുള്ള സിപിഎമ്മിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല.
കേരളത്തില്‍ പുതുചരിത്രം കുറിച്ച് എല്‍ഡിഎഫ് ഭരണത്തില്‍ തുടരുമെന്നു തീര്‍ച്ചയാണ്. വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ ഇടതു ജനാധിപത്യ സഖ്യം കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണ്.
മതേതര ശക്തികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിലും വര്‍ഗീയശക്തികളെ ശക്തമായി പ്രതിരോധിക്കുന്നതിലും സിപിഎം വിട്ടുവീഴ്ച ചെയ്യില്ല. ന്യൂനപക്ഷാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കും.
ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ ഏജന്റുമാരായാണു പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.