ഭാര്യയ്ക്ക് മേല്‍ അവിഹിതബന്ധം ആരോപിച്ച് അവരുടെ ജനനേന്ദ്രിയം അലൂമിനിയം നൂല് കൊണ്ട് തുന്നിക്കെട്ടി ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ മിലക് മേഖലയിലാണ് സംഭവം.
വീണാവതി എന്ന 22കാരിയോടായിരുന്നു ഭര്‍ത്താവിന്റെ കൊടും ക്രൂരത. സംഭവത്തില്‍ ഭര്‍ത്താവ് രാകേഷിനെ (25) ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തു.
സ്വകാര്യ ഭാഗത്ത് മാരകമായി മുറിവേറ്റ യുവതിയിപ്പോള്‍ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയായ ഒരു സ്ത്രീ നല്കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിശദമായ പരിശോധനയിലാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായി ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് രാകേഷിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമെന്ന് രാംപുര്‍ എസ്പി ഷോഗണ് ഗൗതം പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പാണ് ഈ ദമ്പതികള്‍ വിവാഹിതരായത്. രാകേഷ് ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ്. ഭാര്യയ്ക്ക് ജോലിയുമില്ല. ശനിയാഴ്ച രാവിലെയും ഭാര്യയുമായി ഇയാള്‍ വഴക്കിട്ടു.
തുടര്‍ന്ന് അവരെ മര്‍ദ്ദിക്കുകയും കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗം തുന്നിച്ചേര്‍ത്തു വയ്ക്കുകയുമായിരുന്നു. ഇയാള്‍ ജോലിക്കായി പുറത്തേക്ക് പോയതോടെ ഭാര്യ സഹായത്തിന് നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് അയല്‍ക്കാരി എത്തിയതാണ് ഇവര്‍ക്ക് രക്ഷയായത്.