തലശേരി: കണ്ണൂർ ജില്ലയും മാഹി മേഖലയിലും പിടിമുറുക്കി പടക്ക മാഫിയ.അനധികൃതമായി കടത്തുകയായിരുന്ന ലക്ഷങ്ങൾ വില വരുന്ന ഒരു ലോഡ് പടക്കം ചൊക്ലി സിഐ കെ.സി. സുഭാഷ് ബാബു, എസ്ഐ വി.വി. അജീഷ്, എഎസ്ഐ മാരായ വിൽസൺ ഫെർണാണ്ടസ്, റാം മോഹൻ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, രാഗേഷ്, സിപിഒ സരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതു നഗർ ജില്ലയിലെ സാത്തൂർ നെഹ്രു സ്ട്രീറ്റിലെ വാസുദേവൻ (58) തൂത്തുകുടി കടമ്പൂർ, പെരുമാൾ കോവിൽ സ്ട്രീറ്റിൽ ഹൃദധാലമണി (39) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ പടക്കവും ലോറിയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തലശേരി കൊടുവള്ളി, മാഹി, പള്ളൂർ, പൂക്കോം, ചമ്പാട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ അനധികൃതമായി പത്ത് ലോഡ് പടക്കം എത്തിയതായി പോലീസിന് വിവരം ലഭിച്ചു. പൂക്കോം സ്വദേശിയുടെ നേതൃത്വത്തിലാണ് പടക്കകടത്ത് നടത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട് .
പടക്കക്കടത്തിനു പിന്നിൽ സ്ഫോടക വസ്തുക്കളുടെ കടത്തും നടക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ നാളുകളിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ റെയ്സിൽ ഉഗ്ര ശേഷിയുള്ള ബോംബുകൾ പിടികൂടിയിരുന്നു. ബോംബ് നിർമാണ സംഘങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്നത് പടക്ക മാഫിയയാണെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അനധികൃത പടക്കക്കടത്തു സംഘം എത്തിക്കുന്ന പടക്കങ്ങൾ രഹസ്യ കേന്ദ്രങ്ങളിലാണ് സൂക്ഷിക്കുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കടുത്ത വേനലിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നല്ല സ്ഫോടന ശേഷിയുള്ള പടക്കങ്ങൾ സൂക്ഷിക്കുന്നത് ദുരന്തം വിളിച്ചു വരുത്തുമെന്നും ജനങ്ങൾ ഭയപ്പെടുന്നുണ്ട്.
ചെറിയ നാളുകൾ കൊണ്ട് കോടികൾ മറിയുന്ന പടക്ക മേഖല മാഫിയകൾ കൈയെടക്കിയതോടെ നികുതിയിനത്തിൽ സർക്കാറിന് വൻ നഷ്ടമാണ് സംഭവിക്കുന്നത്.